മാസപ്പടിക്കേസില്‍ വീണയ്ക്ക് വീണ്ടും സമന്‍സ്; ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകണമെന്ന് ഇ.ഡി

കൊച്ചി: മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിന് അടുത്ത ബുധനാഴ്ച ഹാജരാകാനാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍സിന് സി.എം.ആര്‍.എല്‍ കമ്പനി 2.78 കോടി രൂപ നല്‍കിയ ഇടപാടിലെ ദുരൂഹത സംബന്ധിച്ചാണ് അന്വേഷണം.ജൂണ്‍ 12ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണയ്ക്ക് നേരത്തെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇ.ഡിയ്ക്ക് കത്തയയ്ക്കുകയായിരുന്നു. അന്ന് വീണയ്ക്കൊപ്പം കൊച്ചിയിലെ സി.എം.ആര്‍.എല്‍ കമ്പനി മേധാവികളുമുള്‍പ്പെടെ ഒമ്പതു പേര്‍ക്ക് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.
വീണ താമസിക്കുന്ന, പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ വീട്ടിലും നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായാണ് സമന്‍സെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കേസില്‍ ആദ്യമായാണ് വീണയെ ഇ.ഡി ചോദ്യം ചെയ്യാന്‍ പോകുന്നത്. പ്രതിഫലം സ്വീകരിച്ചത് എന്ത് സേവനത്തിനാണെന്നതാകും പ്രധാന ചോദ്യം. ചോദ്യം ചെയ്യല്‍ സംബന്ധിച്ച് വീണാ വിജയനും സി.എം.ആര്‍.എല്ലുമെടുക്കുന്ന നിലപാട് നിര്‍ണായകമാകും. എക്‌സാലോജിക് ഇടപാടിലെ അന്വേഷണം തടയണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ നേടാന്‍ സി.എം.ആര്‍.എല്ലിന് കഴിയും. ഇ.ഡിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്താല്‍ ചോദ്യം ചെയ്യല്‍ താത്കാലികമായി ഒഴിവാക്കാനാവും.

 

 

Leave a Reply

Your email address will not be published. Required fields are marked *