ജീവിത ശൈലിയും രക്തധമനി രോഗങ്ങളും

നമ്മുടെ ജീവിതരീതികള്‍ കാലക്രമേണ പഴയ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വളരെയേറെ മാറിയിരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വ്യത്യാസം വന്നിരിക്കുന്നത് നമ്മുടെ ഭക്ഷണക്രമങ്ങള്‍, ദേഹാധ്വാന കുറവ്, കൂടുതലും ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലിക്രമങ്ങള്‍, അമിത ശരീരഭാരം എന്നിവയാണ്. ശുദ്ധരക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ ആണ് ഇന്ന് നാം നേരിടുന്ന അസുഖങ്ങളില്‍ കൂടുതലും.

 

ലോകത്തെല്ലായിടത്തും ജീവിതശൈലി രോഗങ്ങളാണ്. ഇവയില്‍ 80% ത്തോളം ആണുങ്ങള്‍ക്കും ബാക്കി സ്ത്രീകളിലുമായാണ് കണ്ടുവരുന്നത്. സ്ത്രീകള്‍ക്ക് 50 – 55 വയസ്സ് വരെ ഈസ്ട്രജന്‍ എന്ന അവരുടെ സ്വതസിദ്ധമായ ഹോര്‍മോണ്‍ ഭൂരിഭാഗം ജീവിതശൈലി രോഗങ്ങളില്‍ നിന്നും അവരെ രക്ഷിക്കുന്നു. അതിനാല്‍ തന്നെ 60 വയസ്സിന് മേലെയുള്ള ആണുങ്ങള്‍ക്കാണ് ജീവിതശൈലി രോഗങ്ങള്‍ വളരെയധികം കണ്ടുവരുന്നത്. ഇതിനെല്ലാം പുറമേ ജീവിതത്തിലെ സമ്മര്‍ദങ്ങളും (Stress) രക്തധമനി രോഗങ്ങളുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

 

അതുകൂടാതെ പുകവലി, പ്രമേഹം, രക്താദിസമ്മര്‍ദ്ദം എന്നിവ ഈ രോഗങ്ങള്‍ കൂടുതല്‍ ഗുരുതരമാകുവാന്‍ കാരണങ്ങളാകുന്നു. പ്രത്യേകിച്ച് പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ള ഒരു പുകവലിക്കാരന് പക്ഷാഘാതം, ഹൃദയസ്തംഭനം, കാലിലെ രക്തക്കുഴലിലെ തടസ്സം എന്നിവ ബാധിക്കുന്നതിനുള്ള സാദ്ധ്യത ഏറെയാണ്.

 

അശുദ്ധ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പ്രധാനമായും മറ്റു ചില കാരണങ്ങളാലാണ് ഉണ്ടാകുന്നത്. അതില്‍ ഏറ്റവും സാധാരണമായത് വെരിക്കോസ് വെയിന്‍ (Varicose Vein) ആണ്. മനുഷ്യന്‍ രണ്ട് കാലുകളില്‍ നിവര്‍ന്ന് നടക്കുന്നതിനാല്‍ കാലുകളിലെ അശുദ്ധ രക്തക്കുഴലുകളില്‍ മര്‍ദം വര്‍ധിക്കുകയും രക്തക്കുഴലുകള്‍ വികസിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. കൂടാതെ, അപൂര്‍വമാണെങ്കിലും ആശുപത്രിവാസത്തിനിടയിലും ശസ്ത്രക്രിയയ്ക്ക് ശേഷവും അശുദ്ധ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാന്‍ (Deep Vein Thrombosis) സാധ്യതയുണ്ട്. ഇത്തരത്തില്‍ രൂപപ്പെടുന്ന രക്തക്കട്ട ഹൃദയത്തിലേക്കോ ശ്വാസകോശത്തിലേക്കോ എത്തുകയാണെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം.

 

മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനായി പ്രാണവായുവും ഗ്ലൂക്കോസും ഹോര്‍മോണുകളും മറ്റ് ആവശ്യ വസ്തുക്കളും ശുദ്ധ രക്തക്കുഴല്‍ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകള്‍ വഴി ഹൃദയത്തില്‍ എത്തുകയുമാണ് രക്തചംക്രമണത്തിന്റെ ധര്‍മ്മം. മനുഷ്യന് പ്രായമാകുന്നതോടെ ഓരോ അവയവത്തിലേക്കും പ്രധാനപ്പെട്ട മഹാധമനിയിലും കൊളസ്‌ട്രോളും കൊഴുപ്പും പറ്റിപ്പിടിച്ച് ശുദ്ധ രക്തത്തിന്റെ പ്രവാഹം കുറഞ്ഞു പോവുകയോ നിന്ന് പോവുകയോ ചെയ്യുക വഴി അതാത് അവയവത്തിന്റെ മാത്രമല്ല ജീവന് തന്നെ അപകടാവസ്ഥ സൃഷ്ടിക്കാന്‍ ഇട വരുന്നതാണ്. 1994 ഓഗസ്റ്റ് മാസം ആറാം തീയതി മേല്‍പ്പറഞ്ഞ അസുഖങ്ങളും അശുദ്ധ രക്തധമനികളില്‍ കണ്ടുവരുന്ന രക്തം കട്ടപിടിക്കല്‍, വെരിക്കോസ് വെയിന്‍ മുതലായവയും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വസ്‌ക്കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘടന സൃഷ്ടിച്ചു. ആയതിനാല്‍ ഓഗസ്റ്റ് ആറിന് ഇന്ത്യയില്‍ രക്തധമനി അല്ലെങ്കില്‍ വാസ്‌കുലര്‍ ദിനമായി ആചരിക്കുന്നത് .

ഈ വര്‍ഷത്തെ വസ്‌ക്കുലര്‍ ദിന മുഖ്യ വിഷയമാണ് കാലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ ബാക്കി എല്ലാ ചികിത്സാമുറകളും ഫലപ്രദമായില്ലെങ്കില്‍ മാത്രം ജീവരക്ഷയ്ക്കായി നിര്‍ജജീവമായ കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥ (Amputation) ഇല്ലാതാക്കുക എന്നതാണ്. അതേ ഉദ്ദേശത്തോടുകൂടി തന്നെയുള്ള മറ്റൊരു വിഷയമാണ് ‘ഒരു മൈല്‍ നടക്കൂ പുഞ്ചിരിയോടെ ജീവിക്കാം’ (Walk a mile to live with a smile). കാല്‍ പരിച്ഛേദിക്കുന്ന പ്രക്രിയ ഉന്മൂലനം ചെയ്യുകയും (വാസ്തവത്തില്‍ വളരെ വളരെ കുറയ്ക്കുക) അത് ഒഴിവാക്കാനായി ചികിത്സാ മുറികള്‍ സ്വീകരിക്കുകയും ചെയ്യാനുള്ള ആഹ്വാനമാണ് ഉദ്ദേശം. ഇന്ത്യയിലെ 22 നഗര പട്ടണങ്ങളില്‍ WALKATON എന്ന പേരില്‍ നടക്കുവാനുള്ള ആഹ്വാനവും കൂടാതെ പക്ഷാഘാതത്തിന്റെ കാരണങ്ങളും വിദഗ്ദ്ധ ചികിത്സകളും എന്ന തുടര്‍ വിദ്യാഭ്യാസ പരിപാടിയും ഓഗസ്റ്റ് ആറാം തീയതി പട്ടം എസ് യു ടി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.

 

നമ്മുടെ ശരീരത്തിലെ എല്ലാ സംവിധാനങ്ങളും സൂക്ഷ്മമായും അവിശ്വസനീയമായും രൂപകല്‍പന ചെയ്തിരിക്കുന്നത് ദൈവമാണ്. നമ്മുടെ രക്തചംക്രമണ (Blood Circulation) വ്യവസ്ഥയുടെ മൂന്ന് ഘടകങ്ങളാണ് – ഹൃദയം, രക്തം, അവ വഹിക്കുന്ന രക്തക്കുഴലുകളുടെ വളരെ വിപുലമായ ഒരു ശൃംഖല (ധമനികള്‍ – ശുദ്ധമായ രക്തം വഹിക്കുന്നവ, സിരകള്‍ – അശുദ്ധ രക്തം വഹിക്കുന്നവ) എന്നിവ. രക്തക്കുഴലുകളുടെ രോഗനിര്‍ണ്ണയം, ചികിത്സ, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, രക്തക്കുഴലുകളുടെ രോഗങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയുമായി ബന്ധപ്പെട്ടതാണ് വാസ്‌കുലര്‍ & എന്‍ഡോവാസ്‌കുലര്‍ സര്‍ജറി. രക്തക്കുഴലുകളെയും ഞരമ്പുകളുടെയും ബാധിക്കുന്ന പ്രതികൂല അവസ്ഥകളാണ് 95% ത്തിലധികം രോഗങ്ങള്‍ക്ക് കാരണമാകുന്നത്.

 

രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥയാണ് Atherosclerosis, ഇത് പ്രധാനമായും ബാധിക്കുന്നത് അയോര്‍ട്ടയെയാണ് (അയോര്‍ട്ട / മഹാധമനി- ശുദ്ധരക്തവും ധമനികളുടെ ശാഖകളും വഹിക്കുന്ന ഏറ്റവും വലിയ രക്തക്കുഴല്‍). അയോര്‍ട്ടയെ സാധാരണയായി ബാധിക്കുന്ന രോഗങ്ങള്‍ അന്യൂറിസവും (ധമനി വീക്കം), ധമനികളില്‍ കൊഴുപ്പടിഞ്ഞ് ഉള്ളിലേയ്ക്ക് ചുരുങ്ങുന്നതുമാണ്. അന്യൂറിസം എന്ന രോഗാവസ്ഥ കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രക്തധമനിയുടെ ഭിത്തി വലുപ്പം കൂടി അവ തകരുകയും മരണത്തിനു കാരണമാവുകയും ചെയ്യും. അതുപോലെ തന്നെ രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അവയവങ്ങളിലേക്കുള്ള ശുദ്ധമായ രക്ത പ്രവഹനം കുറയുകയും അതുവഴി അവയവങ്ങളുടെ പ്രവര്‍ത്തനശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കാലിലെ സിരകളില്‍ രക്തം കട്ടപിടിക്കുകയും അവ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമെത്തി തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് വീനസ് ത്രോംബോ എംബോളിക് രോഗം (Venous Thromboembolic Disease). ചുരുക്കിപ്പറഞ്ഞാല്‍ ഒരു മനുഷ്യന്റെ ആരോഗ്യാവസ്ഥ അവരുടെ ധമനികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *