കേരളത്തിന്റെ കാലാവസ്ഥയിൽ മാറ്റം; ഇന്ന് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിന്റെ കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നു. ദിവസങ്ങളോളം തുടർന്നിരുന്ന കനത്ത മഴയ്ക്ക് ശമനമുണ്ടാകുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം സൂചിപ്പിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാദ്ധ്യതാ പ്രവചനത്തിൽ ഇന്നുമാത്രമാണ് ജാഗ്രതാ നിർദേശമുള്ളത്.

ഇന്ന് എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഓഗസ്റ്റ് 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ പ്രത്യേക അലർട്ട് നൽകിയിട്ടില്ല

കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *