തിരുവനന്തപുരം: ലഹരി ഉപയോഗിക്കാൻ പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിന് മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം പോത്തൻകോട് വാവറമ്പലം ഗാന്ധിനഗറിൽ സന്ധ്യ (47)യ്ക്കാണ് മകന്റെ കുത്തേറ്റത്. സംഭവത്തിൽ മകൻ സജീവി (28)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
വീട്ടിൽ തുടങ്ങിയ തർക്കം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. പണം ലഭിക്കാത്തതിലുള്ള പ്രകോപനത്തിൽ വീട്ടുപകരണങ്ങളും സജീവ് അടിച്ചുതകർത്തു. അമ്മയെ മർദിച്ചശേഷം കത്തികൊണ്ട് മുതുകിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ സന്ധ്യയെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. അമ്മ സന്ധ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സജീവിനെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.