പ്രണയാഭ്യർത്ഥന നിരസിച്ചു: 21 കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തി, ജിം ട്രെയിനർക്കായി അന്വേഷണം

ന്യൂഡൽഹി: ഡൽഹിയിൽ 21കാരിയെ വീടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിനിയും മോഡലുമായ മുസ്കാനാണ് കൊലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ യുവതിയുടെ ജിം ട്രെയിനർ ഇമ്രാനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു മുസ്കാൻ. ഇവിടെയെത്തിയ ഇമ്രാൻ കത്തി ഉപയോഗിച്ച് യുവതിയെ ആക്രമിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ മുസ്കാൻ വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് വിവരം.

നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മുസ്കാനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഒന്നിലധികം തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ ഒളിവിൽപ്പോയ പ്രതിയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അഡീഷണൽ ഡപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിഷേക് ഗുപ്ത പറഞ്ഞു. മുസ്കാനും പ്രതിയും തമ്മിൽ ഒന്നരവർഷത്തോളമായി പരിചയമുണ്ടായിരുന്നെന്നും ഇയാൾ പ്രണയാഭ്യർത്ഥനയുമായി നിരന്തരം ശല്യം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായാണ് കൊലപാതകം.

പ്രതി ജോലിചെയ്തിരുന്ന ജിമ്മിലും വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു. നിലവിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഉടൻ തന്നെ പ്രതിയെ പിടികൂടാനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *