ചെന്നൈ: വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നുവെന്ന് തമിഴ്‌നാട് കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് തരഹൈ കുത്ബെർട്ട് ആണ് ഇക്കാര്യംവ്യക്തമാക്കിയത്. ടിവികെയും കോൺഗ്രസും തമ്മിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങളും അവർ തള്ളിക്കളഞ്ഞു.
ഇന്ത്യ ടുഡേയുടെ ‘മൂഡ് ഓഫ് ദ നേഷൻ’ സർവേയിൽ വിജയ് മൂന്നാം സ്ഥാനത്ത് എത്തിയതിനെത്തുടർന്നുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കുമിടയിലാണ് വിജയ് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നു എന്ന് കോൺഗ്രസ് വ്യക്തമാക്കിയത്. വിജയ്‌യും രാഹുൽ ഗാന്ധിയും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തിയിരുന്നു.
തമിഴ്‌നാട്ടിൽ കോൺഗ്രസ് ടിവികെയ്ക്ക് കീഴിലല്ല പ്രവർത്തിക്കുന്നതെന്നും സ്വതന്ത്രമായി വളരുന്നുണ്ടെന്നും തരഹൈ കുത്ബെർട്ട് വ്യക്തമാക്കി. കൂടാതെ, ഉത്തരാഖണ്ഡിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് ബിജെപിയുടെ രാഷ്ട്രീയ ഭയത്തിന്റെ ലക്ഷണമാണെന്നും അവർ ആരോപിച്ചു. നിയമസഭയിലെ തന്റെ സീറ്റ് മാറ്റം പുതിയ പദവിയുടെ ഭാഗമാണെന്നും രാഷ്ട്രീയ നീക്കമല്ലെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായ ശേഷം നിയമസഭയിൽ തരഹൈയുടെ സീറ്റ് പ്രതിപക്ഷ ബെഞ്ചിന്റെ മുൻ നിരയിലാക്കിയിരുന്നു. നേരത്തെ ടിവികെ എംഎൽഎമാർക്ക് അനുവദിച്ച സ്ഥലത്തായിരുന്നു ഇവരുടെ സീറ്റ്.
വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്