ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ ജി.ഡി.പി വളർച്ചാ നിരക്ക് 7.8 ശതമാനം രേഖപ്പെടുത്തിയത് കണക്കുകൾ വളച്ചൊടിച്ചാണെന്ന ആരോപണത്തിൽ പൊള്ളി സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജി.ഡി.പി കണക്കുകൾ ഏകദേശം ആറ് ലക്ഷം കോടി രൂപയോളം കുറച്ചുകാട്ടിയാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജി.ഡി.പി നിരക്ക് 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ഉന്നയിച്ച ആരോപണമാണ് സർക്കാറിനെ പ്രതിരോധത്തിലാക്കിയത്.
മോദി സർക്കാറിനു കീഴിൽ 2017- 2019 കാലത്ത് ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഗാർഗ് ദേശീയ ചാനൽ ചർച്ചയിലാണ്, കണക്കുകൾ വളച്ചൊടിച്ചാണ് സർക്കാർ 7.8 ശതമാനം വളർച്ച കൈവരിച്ചതെന്ന് ആരോപണം ഉന്നയിച്ചത്. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ ജി.ഡി.പി വളർച്ച സംബന്ധിച്ച ചർച്ചകൾ ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറി.
കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിലെ ജി.ഡി.പി നിലവിലുള്ള വിലനിലവാരമനുസരിച്ച് ആദ്യം 86 ലക്ഷം കോടി രൂപയായി കണക്കാക്കിയിരുന്നെങ്കിലും പിന്നീട് അത് 80 ലക്ഷം കോടി രൂപയായി താഴേക്ക് തിരുത്തപ്പെട്ടുവെന്നും ഇല്ലെങ്കിൽ 2.6 ശതമാനം മാത്രമാകുമായിരുന്നു വളർച്ചയെന്നുമായിരുന്നു ഗാർഗിന്റെ ആരോപണം. ഏതെങ്കിലും വിധത്തിൽ കണക്കുകൾ ക്രമീകരിക്കാൻ ശ്രമിക്കുന്നതിനുപകരം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയുടെ യാഥാർഥ്യം അംഗീകരിച്ച് പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ് വേണ്ടെതന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യഥാർഥ സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് പി.ആർ വർക്കിലൂടെ പെരുപ്പിച്ചുകാട്ടിയ വ്യാജ കണക്കുകളാണ് സർക്കാറിന്റേതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സാധാരണക്കാരുടെ വാങ്ങൽ ശേഷി കുറയുന്നതും തൊഴിലില്ലായ്മ വർധിക്കുന്നതുമായ യാഥാർഥ്യങ്ങൾ മൂടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ജി.ഡി.പിയുടെ ചിത്രം മിനുക്കാൻ പി.ആറിന് സാധിക്കുമെങ്കിലും യഥാർഥ സമ്പദ്വ്യവസ്ഥയെ മാറ്റാൻ കഴിയില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
എന്നാൽ, പഴയ ഡേറ്റാ സീരീസും പുതിയ ഡേറ്റാ സീരീസും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെയാണ് ചിലർ സംസാരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു.
രാജ്യത്തെ തൊഴിലില്ലാത്തവർ ടി.വി ചാനലുകളിൽ വന്നിരുന്ന് നുണകൾ പ്രചരിപ്പിക്കുകയാണെന്നും മുൻ ധനസെക്രട്ടറിയെ പരോക്ഷമായി വിമർശിച്ച് പിയൂഷ് ഗോയൽ പറഞ്ഞു.
പുതിയ സീരീസ് പ്രകാരമുള്ള കണക്കുകൾ തികച്ചും ശാസ്ത്രീയമാണെന്നും സാമ്പത്തിക വളർച്ചയെ സംബന്ധിച്ച സർക്കാറിന്റെ അവകാശവാദങ്ങൾ കൃത്യമാണെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജുവും പ്രതികരിച്ചു. വളർച്ചയെ ബിയറിന്റെ പതയോടുപമിച്ച് കോണ്‍ഗ്രസ് കേരള എക്സ് അക്കൗണ്ടിലെ പരിഹാസത്തിനെതിരെയും കിരണ്‍ റിജിജു രംഗത്തെത്തി. ലഹരിയുടെ മയക്കത്തിലാണ്ടുകിടക്കുന്നതിനാലാണ് കോണ്‍ഗ്രസിന് ഈ തോന്നലെന്ന് മന്ത്രി പറഞ്ഞു.