തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്റേതായ നിലപാടുകളുടെ പേരില്‍ അനഭിമതനായി മാറിയ നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷനാകും. സംഗീതനാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ ജി.വേണുഗോപാലിനെയും സാഹിത്യ അക്കാദമി ചെയര്‍മാനായി കവി കല്‍പ്പറ്റ നാരായണനെയും നിയോഗിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടയ്ക്ക് വെച്ചു മാറ്റിയിരുന്നു. ലൈംഗികാപവാദത്തെ തുടര്‍ന്ന് രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മികച്ച സംഘാടകനായി പേരെടുത്ത ആളായിരുന്നു പ്രേംകുമാര്‍. എന്നാല്‍ ആശാസമരത്തില്‍ ഉള്‍പ്പെടെ പ്രേംകുമാര്‍ എടുത്ത നിലപാടിനെ തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ നീക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി പ്രേംകുമാര്‍ അടുക്കുകയും യുഡിഎഫ് സര്‍ക്കാര്‍ സുപ്രധാന പദവിയിലേക്ക് നിയോഗിക്കുകയുമായിരുന്നു.
കവി കല്‍പ്പറ്റ നാരായണനാണ് സാഹിത്യഅക്കാദമി ചെയര്‍മാന്‍. യുഡിഎഫ് അനുകൂല നിലപാടുകളുടെ പേരില്‍ കഴിഞ്ഞതവണ വാര്‍ത്തകളില്‍ എത്തിയയാളായിരുന്നു കല്‍പ്പറ്റ നാരായണന്‍. സംഗീതനാടക അക്കാദമിയുടെ തലപ്പത്തേക്ക് നിഷ്പക്ഷന്‍ എന്ന ഇമേജാണ് വേണുഗോപാലിന്റെ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. മറ്റുപേരുകളും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ചലച്ചിത്ര സാംസ്‌ക്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി നിര്‍മ്മാതാവ് എം. രഞ്ജിത്തിനെയാണ് തീരുമാനിച്ചിരിക്കുന്നത്.