കൊല്ലം: കേരളത്തിന് ശക്തമായ സഹകരണ സംവിധാനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിനായി സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അമിത് ഷാ വ്യക്തമാക്കി.
‘സഹകരണത്തിലൂടെ സമൃദ്ധി’ (സഹ്കാർ സേ സമൃദ്ധി) പദ്ധതി മേഖലയിലെ സ്ത്രീകൾക്ക് കരുത്തേകുമെന്ന് അമിത് ഷാ പറഞ്ഞു. മോദി സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്കായി 36 കോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ നടന്ന അന്താരാഷ്ട്ര വനിതാകർഷക വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സഹ്കാർ സേ സമൃദ്ധി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കരുവന്നൂർ തട്ടിപ്പ്: അമിത് ഷാ ഇടപെടണമെന്ന് സുരേഷ് ഗോപി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുറ്റക്കാരിൽ നിന്ന് പണം കണ്ടുകെട്ടി സഹകരണ വകുപ്പിന് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതി നിർദ്ദേശിച്ചിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്ത് നടന്ന ‘സഹ്കാർ സമൃദ്ധി’ ഉദ്ഘാടന പരിപാടിയുടെ വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം.