കെഎസ്ആർടിസിക്ക് ഇനി പുതിയ ബസുകൾ; എംഎൽഎ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ അനുമതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ശേഖരം നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി. പല റൂട്ടുകളിലും കാലാവധി കഴിഞ്ഞ ബസുകൾ സർവീസ് നടത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ധനകാര്യ വകുപ്പ് കർശന വ്യവസ്ഥകളോടെ ഉത്തരവിറക്കിയത്. 2026-27 സാമ്പത്തിക വർഷത്തെ നിയമസഭാ മണ്ഡല ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ എംഎൽഎയ്ക്കും പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാം.

പുതിയ ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആർടിസിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനിക്കുക. ഓരോ മണ്ഡലത്തിലെയും യാത്രക്കാരുടെയും സമീപ പ്രദേശങ്ങളിലെയും ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും ബസുകളുടെ റൂട്ടുകൾ നിശ്ചയിക്കുക. നികുതിയും രജിസ്ട്രേഷൻ ചാർജും ഉൾപ്പെടെയുള്ള ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30-നകം എംഎൽഎമാർ കെഎസ്ആർടിസി എംഡിക്ക് കൈമാറണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാകുന്നതോടെ ഏകദേശം 400 പുതിയ ബസുകൾ കെഎസ്ആർടിസി നിരയിലെത്തും. കാലാവധി കഴിഞ്ഞ പഴയ ബസുകൾക്ക് പകരം പുതിയ ബസുകൾ എത്തുന്നതോടെ വിവിധ റൂട്ടുകളിലെ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ. കെഎസ്ആർടിസി നേരിടുന്ന ബസ് ക്ഷാമത്തിനും ഇതുവഴി ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *