കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ മുശാവറയിൽ പരാതി നൽകിയ ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്. ഉമർ ഫൈസിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ഇകഴ്ത്തിയെന്നും സമസ്ത നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്.
എം.സി. മായിൻ ഹാജി, സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഷാഫി ഹാജി, റഹ്മാൻ ഫൈസി, സലീം എടക്കര തുടങ്ങിയവർക്കാണ് സെപ്റ്റംബർ 28നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മായിൻ ഹാജി ഉൾപ്പെടെയുള്ള ചിലർ ഇതിനകം മറുപടി നൽകിയതായാണ് വിവരം.
ഉമർ ഫൈസിക്കെതിരെ ലീഗ് അനുകൂല വിഭാഗം നൽകിയ പരാതി അടുത്തിടെ കോഴിക്കോട്ട് ചേർന്ന മുശാവറ യോഗം പരിഗണിച്ചിരുന്നു. പരാതിയിൽ ഉമർ ഫൈസിയോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഉമർ ഫൈസിക്കെതിരെ പരാതിക്കാർ നടത്തിയ പരാമർശങ്ങളിലും വിശദീകരണം തേടാനുള്ള തീരുമാനം നടപ്പാക്കിയത്.