‘പിണറായി വിജയനെ സംരക്ഷിക്കുന്നത് രാഹുൽ ഗാന്ധി; ഫ്രോഡ് രാഷ്ട്രീയം അവസാനിപ്പിക്കണം’: രാജീവ് ചന്ദ്രശേഖർ

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി ‘ഫ്രോഡ് രാഷ്ട്രീയം’ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി കള്ളം മാത്രം പറയുന്ന നേതാവാണെന്നും പിണറായി വിജയനെ സംരക്ഷിക്കുന്നത് രാഹുൽ ഗാന്ധിയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ശബരിമല വിഷയം ഉപയോഗിച്ച് കോൺഗ്രസ് വോട്ട് നേടിയെന്നും അധികാരത്തിലെത്തിയ ശേഷം അഴിമതിക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ.എം. ഷാജിയെ മന്ത്രിയാക്കിയത് രാഹുൽ ഗാന്ധിയാണെന്നും മതമാണ് പ്രശ്നമെന്ന് പറഞ്ഞ വ്യക്തിയെ മന്ത്രിയാക്കിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും രാഹുൽ ഗാന്ധി രാജ്യദ്രോഹികളെന്ന് വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉന്നയിച്ച ആരോപണങ്ങളിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ജിജി തോംസണെ ‘ഹീറോ’ ആക്കാൻ താനില്ലെന്നും അദ്ദേഹം അഴിമതി ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തന്റെ കൂടെ പോഡ്കാസ്റ്റ് നടത്തിയപ്പോൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിൽനിന്ന് ഓഫർ ലഭിക്കാത്തതിനെ തുടർന്ന് വി.ഡി. സതീശൻ എന്തെങ്കിലും ഓഫർ നൽകിയതുകൊണ്ടാകാം ജിജി തോംസൺ ഇത്തരത്തിൽ പ്രതികരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

യുഡിഎഫ് സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിഎംആർഎൽ കർത്തയുടെ ഡയറിയിൽ വി. മുരളീധരന്റെ പേര് വന്നതിനെക്കുറിച്ച് മുരളീധരൻ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അനാവശ്യ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും യുഡിഎഫ് സർക്കാർ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *