‘അടിവയറ്റിൽ ചവിട്ടി, കുക്കർ ഉപയോഗിച്ച് തലയ്‌ക്കടിച്ചു, സ്വകാര്യഭാഗത്തും ഇടിച്ചു’; കൊല്ലത്ത് നവവധുവിന് ക്രൂരമർദനം

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിയായ അഞ്ജുവാണ് പരാതി നൽകിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരാതിയിൽ ഭർത്താവായ നന്ദുവിനും മാതാപിതാക്കൾക്കും എതിരെ ചവറ പൊലീസ് കേസെടുത്തു.

നാലുമാസം മുൻപാണ് അഞ്ജുവും നന്ദുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരാഴ്‌ചയ്‌ക്കുള്ളിൽതന്നെ സ്‌ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് അഞ്ജുവിനെ ഭർതൃവീട്ടുകാർ പീ‌ഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പരാതിയിലുള്ളത്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം നന്ദു സൗദിയിലേക്ക് പോയി. പിന്നീട് അ‌ഞ്ജുവിനെയും കൊണ്ടുപോയി. അവിടെയും അതിക്രൂര മർദനത്തിന് ഇരയായെന്നാണ് യുവതിയുടെ പരാതി.

വീട്ടിലെ ഇടികല്ല്, കുക്കർ, ലാപ്‌ടോപ്പിന്റെ ചാർജർ തുടങ്ങി കൈയിൽ കിട്ടുന്നതെന്തും തന്നെ ഉപദ്രവിക്കാനായി ഉപയോഗിക്കുമായിരുന്നെന്നും യുവതി പറയുന്നു. യുവതിയുടെ ശരീരത്തിലാകമാനം മർദനമേറ്റ പാടുകളുണ്ട്. കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം താൻ മോശം സ്‌ത്രീയാണെന്ന തരത്തിൽ കുറ്റസമ്മതം നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പുകൾ റെക്കോർഡ് ചെയ്യുമായിരുന്നെന്നും യുവതി പറയുന്നു.

'കത്തികാട്ടി ഭീഷണിപ്പെടുത്തി ഞാനൊരു വൃത്തികെട്ട പെണ്ണാണെന്ന രീതിയിലുള്ള ഓഡിയോ ക്ലിപ്പുകൾ റെക്കോർഡ് ചെയ്യും. ഇതെന്റെ വീട്ടുകാർക്കും നാട്ടുകാർക്കും അയച്ചുകൊടുക്കും. എല്ലാവരും അത് വിശ്വസിച്ചു. ഞാനൊരു മോശം പെണ്ണാണെന്ന രീതിയിൽ കുറ്റസമ്മതം നടത്തുന്ന ഓഡിയോ ക്ലിപ്പുകളായിരുന്നു അതെല്ലാം. എന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമെല്ലാം കൈവശപ്പെടുത്തി'- യുവതി പറയുന്നു. ഭർത്താവിന് സംശയരോഗമാണെന്നും പലപ്പോഴും ദ്വന്ത്വവ്യക്തിത്വമാണ് കാണിക്കാറുള്ളതെന്നും യുവതി ആരോപിക്കുന്നു.

'എന്റെ അടിവയറ്റിൽ ചവിട്ടി. പ്രൈവറ്റ് പാർട്ടിൽ അടിച്ചു. പൊലീസ് മൊഴിയെടുക്കാൻ വന്നപ്പോൾ ഇക്കാര്യങ്ങളൊക്കെ പറഞ്ഞിരുന്നെങ്കിലും അതൊന്നും രേഖപ്പെടുത്തിയില്ല. ഭർത്താവിന് പാർട്ടിയിൽ ഹോൾഡുണ്ട്. അതുകൊണ്ട് അക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടോയെന്നുപോലും അറിയില്ല'- യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *