ചെന്നൈ: മുൻ ഇന്ത്യൻ സൂപ്പർ പേസ് ബൗളറായിരുന്ന സഹീർഖാനെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) പുതിയ ഹെഡ് കോച്ചായി നിയമിച്ചതിന് പിന്നാലെ എം എസ് ധോണിയുടെ പഴയ പരാമർശം വീണ്ടും ചർച്ചയാകുന്നു. 2012ൽ സഹീറിനെ പ്രശംസിച്ചുകൊണ്ട് ധോണി നടത്തിയ പരാമർശമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അന്നത്തെ ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന ധോണി കരിയറിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയ സഹീറിന് നൽകിയ പിന്തുണയാണ് വീണ്ടും ചർച്ചയാകുന്നത്. 'ഇന്ത്യൻ ബൗളിംഗ് നിരയിലെ സച്ചിൻ ടെൻഡുൽക്കർ' എന്നാണ് ധോണി സഹീറിനെ വിശേഷിപ്പിച്ചത്.
'ഒരു ബൗളർ മോശം ഫോമിലായിരിക്കുമ്പോൾ അദ്ദേഹത്തെ വിമർശിക്കുന്നത് എളുപ്പമാണ്. എന്നെ സംബന്ധിച്ചിടത്തോളം സഹീർ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിലെ സച്ചിൻ ടെൻഡുൽക്കറാണ്. നിരവധി വർഷങ്ങളായി അദ്ദേഹം ഇന്ത്യൻ ബൗളിംഗ് നിരയെ നയിക്കുന്നയാളാണ്.' – ഇതായിരുന്നു ധോണിയുടെ അന്നത്തെ വാക്കുകൾ. ഇന്ത്യൻ ടീമിലെ സഹീറിന്റെ പ്രാധാന്യത്തെയാണ് ധോണിയുടെ ഈ പരാമർശം വ്യക്തമാക്കിയത്. ഇപ്പോൾ വർഷങ്ങൾക്കുശേഷം ഇരുവരും ചെന്നൈ സൂപ്പർ കിംഗ്സിലൂടെ വീണ്ടും ഒരേ ടീമിന്റെ ഭാഗമാകുകയാണ്.
2027ലെ ഐപിഎൽ സീസണിൽ സഹീർ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹെഡ് കോച്ചായും ധോണി ടീമിനൊപ്പവും ഉണ്ടാകും. എന്നാൽ ധോണി അടുത്ത സീസണിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സ്റ്റീഫൻ ഫ്ലെമിംഗിന് പകരക്കാരനായാണ് സഹീർ ഖാൻ ചെന്നൈയുടെ ഹെഡ് കോച്ചായി ചുമതലയേൽക്കുന്നത്. ഫ്ലെമിംഗ് ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റതോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ പരിശീലകനെ തേടിയത്.
2024 ഐപിഎൽ സീസണിൽ ലക്‌നൗ സൂപ്പർ ജയ്ന്റ്സിന്റെ മെന്ററായും സഹീർ പ്രവർത്തിച്ചിരുന്നു. കളിക്കാരനെന്ന നിലയിൽ ഐപിഎല്ലിൽ 100 മത്സരങ്ങൾ കളിച്ചിട്ടുള്ള സഹീർ വിരമിച്ച ശേഷം പരിശീലക-മെന്റർ ചുമതലകളിലേക്കാണ് മാറിയത്. സഹീർ ലോകോത്തര ബൗളറാണെന്നും നിരവധി യുവ ക്രിക്കറ്റർമാർക്ക് അദ്ദേഹം മെന്ററായിട്ടുണ്ടെന്നും സിഎസ്കെ മാനേജ്മെന്റ് വ്യക്തമാക്കി.
സിഎസ്കെ ടീമിന്റെ മാനേജ്മെന്റിന് പരിചയമുള്ള ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ധോണിയുടെ താൽപര്യവും തീരുമാനത്തിൽ പരിഗണിക്കപ്പെട്ടതായി റിപ്പോട്ടുകൾ വ്യക്തമാക്കുന്നു.