തിരുവനന്തപുരം: ലോക രാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധേയ സ്ഥാനമുള്ള ഇന്ത്യയും ഇസ്രായേലും ഒരുപോലെ 'യഥാർത്ഥ നായകൻ' എന്ന് വിശേഷിപ്പിച്ച ധീരനായ ഒരു ഇന്ത്യക്കാരനാണ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ. ധീരതയുടെയും ആത്മസമർപ്പണത്തിന്റെയും അസാധാരണ മനസ്സാന്നിധ്യത്തിന്റെയും പര്യായമായ ഈ വൈമാനികനെക്കുറിച്ച് ഇന്ന് ലോകം മുഴുവൻ അഭിമാനത്തോടെ സംസാരിക്കുന്നു.
മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ജനിച്ചു വളർന്ന സ്മിത്ത്, നിലവിൽ യു.എ.ഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫ്ലൈ ദുബായ് വിമാന കമ്പനിയിലെ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു വരികയാണ്. കഴിഞ്ഞ സെപ്റ്റംബർ 30-നാണ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചതും, അതേസമയം സ്മിത്തിനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയതുമായ ആ ദുരന്തനിമിഷം അരങ്ങേറുന്നത്. ഫ്ലൈ ദുബായുടെ 1073-ാം നമ്പർ ബോയിങ് വിമാനം ദുബായിൽ നിന്ന് ഇസ്രായേലിന്റെ വ്യാവസായിക തലസ്ഥാനമായ ടെൽ അവീവിലേക്ക് പറത്തുകയായിരുന്നു അദ്ദേഹം. ഒമാൻ സ്വദേശിയായ ഹമാം അൽ-ഹമ്മാമി ആയിരുന്നു സഹവൈമാനികൻ. ജീവനക്കാരുൾപ്പെടെ 182 യാത്രക്കാരുമായി 33,000 അടി ഉയരത്തിൽ, സൗദി അറേബ്യയുടെ ആകാശപാതയിലൂടെ പറക്കുകയായിരുന്ന വിമാനം അടുത്ത മൂന്ന് മിനിറ്റിൽ ആ വ്യോമപാത പിന്നിടാനിരിക്കുകയായിരുന്നു.
ഈ നിർണായക ഘട്ടത്തിലാണ് അടിയന്തര ആവശ്യങ്ങൾക്കായി കോക്പിറ്റിൽ സൂക്ഷിച്ചിരുന്ന കൈക്കോടാലിയെടുത്ത് സഹവൈമാനികനായ
ഹമാം അൽ-ഹമ്മാമി ക്യാപ്റ്റൻ സ്മിത്തിനെ ആക്രമിക്കുന്നത്. തലങ്ങും വിലങ്ങുമുള്ള വെട്ടേറ്റ് ശരീരം രക്തത്തിൽ കുളിച്ചിട്ടും, അസാമാന്യ ധൈര്യവും മന സ്സാ ന്നിധ്യവും കൈവിടാതിരുന്ന ഇന്ത്യയുടെ ഈ ധീരപുത്രൻ വിമാനത്തിന്റെ നിയന്ത്രണം പാളിയ നിമിഷത്തിലും കോക്പിറ്റിന്റെ വാതിൽ തുറക്കാൻ വിജയിച്ചു. ഇതോടെ ഉടനടി സ്ഥലത്തെത്തിയ മറ്റ് വിമാന ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ ഉടനടി നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് എയർപോർട്ടിൽ വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്തു. വിമാനങ്ങളുടെ ഗതിവിഗതികൾ തൽസമയം നിരീക്ഷിക്കുന്ന ഫ്ലൈറ്റ് റഡാർ 24-ന്റെ കണക്കനുസരിച്ച്, വെറും ഒരു മിനിറ്റിനുള്ളിൽ വിമാനം 33,000 അടി (ഏകദേശം 10,000 മീറ്റർ) ഉയരത്തിൽ നിന്ന് 17,000 അടിയോളം (ഏകദേശം 5,200 മീറ്റർ) താഴേക്ക് പതിച്ചിരുന്നു. തബൂക്കിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ സൗദി സുരക്ഷാസേന എത്തിയ അക്രമിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ചോദ്യം ചെയ്യലിനായി യു.എ.ഇ അധികൃതർക്ക് കൈമാറുകയും ചെയ്തു.
സ്വന്തം ജീവൻ തെന്നിമാറുന്ന ഘട്ടത്തിലും 182 യാത്രക്കാരുടെ ജീവൻ കാത്തുസൂക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ലോക നേതാക്കളിൽ നിന്ന് വൻ പ്രശംസയാണ് ലഭിക്കുന്നത്. "മച്ചാറിന്റെ ധീരത ഇന്ത്യക്കാകെ അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ്" എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. "യഥാർത്ഥ നായകൻ" എന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രായേലികളായിരുന്നെന്നും, അക്രമി വിമാനം ഇസ്രായേലിനടുത്തെത്തുമ്പോൾ തകർക്കാൻ ലക്ഷ്യമിട്ടിരുന്നതാകാം എന്നും ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പം കുടുംബസമേതം വിശിഷ്ടാതിഥിയായി പങ്കെുടുക്കാൻ സ്മിത്തിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
മുംബൈ സ്വദേശിയായ സ്മിത്ത് മച്ചാർ ഫ്ലൈ ദുബായിൽ എത്തിയിട്ട് നാല് വർഷമേ ആകുന്നുള്ളൂ. അതിനുമുമ്പ് 11 വർഷക്കാലം ഇന്ത്യയിലെ ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റിൽ സെന്റർ കമാൻഡറായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂസിലൻഡിലെ മെയിൻലാൻഡ് അക്കാദമിയിൽ നിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹത്തിന് 9,750 മണിക്കൂറിലധികം വിമാനം പറത്തിയുള്ള പ്രവൃത്തിപരിചയമുണ്ട്. ഭാര്യ സോനാലും രണ്ട് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
ആക്രമണത്തെ വിമാനം തകർക്കാനുള്ള ഭീകരശ്രമമായാണ് ഇസ്രായേൽ വിലയിരുത്തുന്നത്. സംഭവത്തിനുശേഷം വൈമാനികരുടെ സുരക്ഷാ പരിശോധനകളിൽ അടക്കം ഇസ്രായേൽ കടുത്ത നിരീക്ഷണമേർപ്പെടുത്തി. യു.എ.ഇയുടെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ജി.സി.എ.എ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും, തീവ്രവാദ നിലപാടുകളോടുള്ള അനുഭാവം കാരണം സഹവൈമാനികൻ നേരത്തെ കുറച്ചുകാലം ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ നിലവിൽ സൈനിക ഡോക്ടർമാരുടെ പരിചരണത്തിൽ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ക്യാപ്റ്റൻ ചൊല്ലിയ ഹനുമാൻ ചാലീസും ചർച്ചയായിട്ടുണ്ട്.