ആർലിംഗ്ടൺ സെമിത്തേരിയിൽ ചിരിച്ചു; പീറ്റ് ഹെഗ്‌സെക്കും സംഘത്തിനും കാവൽക്കാരന്റെ ശാസന

വാഷിംഗ്ടൺ: മര്യാദകൾ ലംഘിച്ചതിന് ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിൽ നടന്ന വെറ്ററൻസ് ഡേ ചടങ്ങിനിത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെക്കും ഒപ്പമുണ്ടായിരുന്നവർക്കും സൈനികന്റെ ശാസന. 'ടോംബ് ഓഫ് ദി അൺനോൺ സോൾജിയറി'ന്റെ ശവകുടീരത്തിന് കാവൽ നിന്നിരുന്ന സൈനികൻ വാക്കാൽ ശാസിച്ചത്.

ഭാര്യ ജെന്നിഫർ, ചീഫ് ഓഫ് സ്റ്റാഫ് റിക്കി ബുറിയ, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് പാട്രിക് വീവർ, സീനിയർ അഡ്വൈസർ ടാമി റഡബോ എന്നിവരോടൊപ്പം ഹെഗ്‌സെ ശവകുടീരത്തിന് മുന്നിലെ പടികളിൽ നിന്ന് ഫോട്ടോയെടുക്കുന്നത് വീഡിയോയിൽ കാണാം. ഫോട്ടോയെടുത്ത ശേഷം സംഘം പിരിയുന്നതിനിടെ ഉച്ചത്തിലുള്ള ചിരി കേൾക്കുകയും, ഉടൻ തന്നെ കാവൽക്കാരനായ സൈനികൻ “എല്ലാ സന്ദർശകരും എല്ലായ്‌പ്പോഴും നിശ്ശബ്ദതയും ആദരവും നിലനിർത്തേണ്ടതാണ്” എന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, കൊറിയൻ യുദ്ധം എന്നിവയിൽ വീരമൃത്യു വരിച്ച തിരിച്ചറിയപ്പെടാത്ത സൈനികരുടെ അന്ത്യവിശ്രമ സ്ഥലമായ ഈ ശവകുടീരം അമേരിക്കയിലെ ഏറ്റവും പവിത്രവും ആദരണീയവുമായ യുദ്ധസ്മാരകങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 1948 മുതൽ 'ദി ഓൾഡ് ഗാർഡ്' എന്നറിയപ്പെടുന്ന ആർമിയുടെ മൂന്നാം ഇൻഫൻട്രി റെജിമെന്റിലെ സൈനികർ മഴയെന്നോ വെയിലെന്നോ നോക്കാതെ 24 മണിക്കൂറും ഇവിടെ കാവൽ നിൽക്കുന്നുണ്ട്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും പങ്കെടുത്ത വെറ്ററൻസ് ഡേ അനുസ്മരണ ചടങ്ങിന്റെ ഭാഗമായാണ് ഹെഗ്‌സെയും സംഘവും ഇവിടെയെത്തിയത്.

കോൺഗ്രസിൽ തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ കഷ്ടിച്ച് അതിജീവിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ സംഭവം നടക്കുന്നത്. റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസിയുടെ നേതൃത്വത്തിൽ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയായിരുന്നു ഇംപീച്ച്‌മെന്റ് നീക്കം നടന്നത്. ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിൽ വിമർശകർ പരാജയപ്പെട്ടെങ്കിലും, ജനുവരിയിൽ ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം ലഭിക്കുന്നതോടെ പ്രതിരോധ സെക്രട്ടറിയെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ട്.

ബുധനാഴ്ച ആർലിംഗ്ടൺ സെമിത്തേരിയിലുണ്ടായ ശാസനയ്ക്ക് പിന്നാലെ ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്ന് രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. തന്റെ പദവിക്ക് ഹെഗ്‌സെ ഒട്ടും യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് പ്രതിനിധി ഗ്വെൻ മൂർ പറഞ്ഞു. “ഇംപീച്ച്‌മെന്റിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന് തൊട്ടടുത്ത ദിവസം, ടോംബ് ഓഫ് ദി അൺനോൺ സോൾജിയറിന്റെ പവിത്രതയെ അനാദരിച്ചുകൊണ്ട് യൂണിഫോമിലുള്ള നമ്മുടെ സൈനികരോടുള്ള തന്റെ അവജ്ഞ അദ്ദേഹം പ്രകടിപ്പിച്ചിരിക്കുകയാണ്,” അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *