ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ പളങ്കാനത്ത് ജുവലറിയിൽ വൻ കവർച്ച. കലാവാസലിന് സമീപത്തെ 15ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ തനിഷ്ക് ജുവലറിയിലാണ് ഏകദേശം 500 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്.
രാവിലെ ജുവലറിയിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഷോറൂമിലെ ലിഫ്റ്റിന്റെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് കവർച്ച നടന്നത്. ജുവലറിയുടെ പിൻവാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച മോഷ്ടാക്കൾ പ്രദർശനത്തിനടക്കം സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. ഷോറൂമിൽ സൂക്ഷിച്ചിരുന്ന മൊത്തം സ്വർണാഭരണങ്ങളുടെ ഏകദേശം 30 ശതമാനവും മോഷണം പോയതായാണ് വിവരം.
മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബാഗുമായി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന് മൂന്ന് സംഘം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥർ ജുവലറിയിൽ പരിശോധന നടത്തി. പൊലീസ് സ്നിഫർ നായ്ക്കളെ എത്തിച്ചും പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. പ്രദേശത്ത് തന്നെയുള്ളവരാണോ അതോ പുറത്തുനിന്നുള്ള സംഘമാണോ മോഷണത്തിന് പിന്നിലെന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും.