ദുബായ്: ഏകദേശം 35.85 കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ദുബായ് വിമാനത്താവള അധികൃതർ സ്പൈസ് ജെറ്റിന്റെ ചെക്ക്-ഇൻ സേവനങ്ങൾ നിർത്തിവെച്ചു. നവംബർ 12-ന് വിലക്ക് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അഹമ്മദാബാദ്, ഡൽഹി വിമാനങ്ങളിലേക്കുള്ള ചെക്ക്-ഇൻ വിമാനത്താവള നടത്തിപ്പുകാരായ ദുബായ് എയർപോർട്ട്സ് അനുവദിച്ചിരുന്നു.
ഏകദേശം 14 ദശലക്ഷം യുഎഇ ദിർഹം (ഏകദേശം 35.85 കോടി രൂപ) കുടിശ്ശിക വരുത്തിയതിനെ തുടർന്ന്, സാമ്പത്തിക പ്രതിസന്ധിയിലായ സ്പൈസ് ജെറ്റിന്റെ ചെക്ക്-ഇൻ സേവനങ്ങൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ഉടമസ്ഥരും നടത്തിപ്പുകാരുമായ ദുബായ് എയർപോർട്ട്സ് നിർത്തിവെച്ചു. അതേസമയം, വിഷയം പരിഹരിക്കാൻ ശ്രമിച്ചുവരികയാണെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കുടിശ്ശികയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
നവംബർ 12-ന് അമൃത്സർ, ജയ്പൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി.ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനിയായ ഡനാറ്റയ്ക്ക് പണം നൽകാത്തതാണ് കാരണമായി എയർലൈനിന്റെ ആഭ്യന്തര ആശയവിനിമയത്തിൽ ചൂണ്ടിക്കാട്ടിയത്. ഈ നാല് വിമാനങ്ങളും യാത്രക്കാരില്ലാതെ 'ഫെറി സർവീസുകളായി' സർവീസ് നടത്തുമെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
നവംബർ 12-ന് വിലക്ക് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനങ്ങളുടെ ചെക്ക്-ഇൻ ദുബായ് എയർപോർട്ട്സ് അനുവദിച്ചിരുന്നു. തുടർന്ന്, പ്രശ്നം പരിഹരിക്കുന്നത് വരെ ദുബായിൽ നിന്നുള്ള മറ്റ് വിമാനങ്ങൾ റദ്ദാക്കാൻ എയർലൈനിന്റെ സ്റ്റേഷൻ മാനേജർ ഫ്ലൈറ്റ് ഓപ്പറേഷൻസ് വിഭാഗത്തിന് നിർദ്ദേശം നൽകി.
ഒക്ടോബർ 13 മുതൽ പണമൊന്നും ലഭിച്ചിട്ടില്ലെന്നും കുടിശ്ശിക തുക 14 ദശലക്ഷം ദിർഹത്തിൽ എത്തിയെന്നും ദുബായ് എയർപോർട്ട്സ് നവംബർ 12-ന് സ്പൈസ് ജെറ്റിന് ഇമെയിൽ അയച്ചതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പണമടയ്ക്കൽ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയ ദുബായ് എയർപോർട്ട്സ്, കൂടുതൽ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ ചെക്ക്-ഇൻ സേവനങ്ങൾ നിർത്തിവെക്കുകയാണെന്ന് വ്യക്തമാക്കി.
ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് വിഷയം പരിഹരിച്ചുവരികയാണെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. “ഞങ്ങൾക്ക് മതിയായ ബാങ്ക് ഗ്യാരണ്ടി പരിരക്ഷയുണ്ട്, പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്.”
വർദ്ധിച്ചുവരുന്ന സാമ്പത്തിക-പ്രവർത്തന പ്രതിസന്ധികൾ നേരിടുന്ന സ്പൈസ് ജെറ്റിന്റെ വിമാനങ്ങളുടെ എണ്ണം ഏകദേശം 12 ആയി ചുരുങ്ങിയെന്നും, അതിൽ ഒമ്പതെണ്ണം മാത്രമാണ് സർവീസ് നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ജനുവരിയിൽ ഏകദേശം 5,92,000 ആഭ്യന്തര യാത്രക്കാരെ വഹിച്ചിരുന്ന സ്ഥാനത്ത് സെപ്റ്റംബറിൽ ഏകദേശം 73,000 യാത്രക്കാർ മാത്രമാണ് യാത്ര ചെയ്തത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) കണക്കുകൾ പ്രകാരം, സെപ്റ്റംബറിൽ സ്പൈസ് ജെറ്റ് തങ്ങളുടെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ 20.29% റദ്ദാക്കി.