ആറ്റുകാൽ പൊങ്കാല ദിനത്തിൽ സിബിഎസ്ഇ പരീക്ഷ മാറ്റണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിനത്തിൽ നിശ്ചയിച്ചിട്ടുള്ള സിബിഎസ്ഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2027 ഫെബ്രുവരി 22-നാണ് ആറ്റുകാൽ പൊങ്കാല. അന്നേദിവസം സിബിഎസ്ഇ പത്താം ക്ലാസ് സയൻസ് പരീക്ഷയും പന്ത്രണ്ടാം ക്ലാസിലെ ഓട്ടോമോട്ടീവ്, ഫാഷൻ സ്റ്റഡീസ്, എൻ.സി.സി പരീക്ഷകളും നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

മാപ്പുകൾ കാണുക

പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് അനുഭവപ്പെടുന്ന വൻ ജനത്തിരക്കും ഗതാഗത നിയന്ത്രണങ്ങളും വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങളിൽ സമയത്ത് എത്തുന്നതിന് തടസ്സമാകുമെന്ന ആശങ്കയാണ് പരീക്ഷ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ. ആയിരക്കണക്കിന് സ്ത്രീകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊങ്കാല അർപ്പിക്കാനെത്തുന്നതോടെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും ചിലയിടങ്ങളിൽ താൽക്കാലിക നിരോധനങ്ങളും ഏർപ്പെടുത്താറുണ്ട്. പൊങ്കാല ദിനത്തിൽ തിരുവനന്തപുരത്ത് പ്രാദേശിക അവധിയും പ്രഖ്യാപിക്കാറുണ്ട്.

സ്കൂൾ ബസുകളുടെ സർവീസിനെയും പൊതുഗതാഗത സംവിധാനങ്ങളെയും നിയന്ത്രണങ്ങൾ ബാധിച്ചേക്കാം. സ്വന്തം വാഹനങ്ങളിൽ കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കേണ്ടിവരുന്ന രക്ഷിതാക്കൾക്കും യാത്രാപ്രതിസന്ധി നേരിടേണ്ടിവരും. ഈ സാഹചര്യത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം.

അതേസമയം, രാജ്യത്തുടനീളം ഒരേ സമയക്രമത്തിലാണ് സിബിഎസ്ഇ പരീക്ഷകൾ നടത്തുന്നതെന്നും അതിനാൽ തീയതി മാറ്റം എളുപ്പമല്ലെന്നും സിബിഎസ്ഇ സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ചീഫ് പാട്രൺ ഇബ്രാഹിം ഖാൻ 'ടൈംസ് ഓഫ് ഇന്ത്യ'യോട് പറഞ്ഞു. തിരുവനന്തപുരത്തെ സ്കൂളുകൾ ഇക്കാര്യത്തിൽ നിവേദനം സമർപ്പിക്കുകയാണെങ്കിൽ അത് സിബിഎസ്ഇ തിരുവനന്തപുരം മേഖലാ ഓഫീസിൽ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.

മാപ്പുകൾ കാണുക

മുൻപും പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് സിബിഎസ്ഇ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2013-ൽ ഓണാവധിയുമായി പരീക്ഷാ തീയതികൾ ഒത്തുവന്നതിനെ തുടർന്ന് കേരളത്തിലെ പരീക്ഷകൾ പുനഃക്രമീകരിച്ചിരുന്നു. 2017-ൽ തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പും പരീക്ഷാ തീയതികളും ഒരുമിച്ചുവന്നപ്പോഴും പരീക്ഷകൾ മാറ്റിവച്ചിരുന്നു. ഈ സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് 2027-ലെ പരീക്ഷാ തീയതികളിലും മാറ്റമുണ്ടാകുമോയെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *