പവന്റെ വില ഒരു ലക്ഷത്തിലേക്ക്, ഒറ്റ ദിവസം കുറഞ്ഞത് 1,800 രൂപ; സ്വർണവിപണിയിൽ വൻ തകർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില രണ്ടാമതും കുറഞ്ഞു. ഇന്ന് മാത്രം പവന് 1,800 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 960 രൂപ കുറഞ്ഞ് 1,01,560 രൂപയിലായിരുന്നു വ്യാപാരം ആരംഭിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില വീണ്ടും ഇടിഞ്ഞതോടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വ്യാപാര സംഘടനകൾ വില പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇതോടെ ഗ്രാമിന് 12,590 രൂപയും പവന് 1,00,720 രൂപയുമായി.

പവന്റെ വില ഒരു ലക്ഷം രൂപയുടെ തൊട്ടരികില്‍ എത്തിയതോടെ ഇനിയും താഴേക്ക് പതിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. ഇന്ന് രാവിലെ സംസ്ഥാനത്ത് വില നിശ്ചയിക്കുമ്പോള്‍ രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,955.75 ഡോളറായിരുന്നു നിരക്ക്. ഉച്ചയോടെ ഇത് 3,893.40 ഡോളറിലേക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ ശക്തമായ തകര്‍ച്ചയ്ക്ക് ശേഷം ഇന്ന് രാവിലെ നേരിയ തിരിച്ചുകയറ്റത്തിന് ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല.

2026 ജനുവരി 29ന് ഔണ്‍സിന് 5,595 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷമാണ് സ്വര്‍ണവില 3,890 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തിയത്. റെക്കോര്‍ഡ് നിരക്കില്‍നിന്ന് ഏകദേശം 30 ശതമാനത്തിന്റെ ഇടിവാണ് ഇതുവരെയുണ്ടായത്. ജനുവരി 29ന് കേരളത്തില്‍ പവന് 1,31,160 രൂപയായിരുന്നു വില. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 30,440 രൂപയുടെ കുറവാണ് പവനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *