കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസ്; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ഇത്തരത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർക്ക് ഇതുസംബന്ധിച്ച് വിവരം നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. ഇതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് ജസ്റ്റിസ് ജി. ഗിരീഷ് നിർദേശിച്ചു. ഹർജിക്കാരനുവേണ്ടി അഡ്വ. എം. രവികൃഷ്ണൻ ഹാജരായി.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറാണ് ബഷീറിനെ ഇടിച്ചത്. വാഹനം തിരുവനന്തപുരം സ്വദേശിനി വഫ ഫിറോസിന്റെ പേരിലായിരുന്നു.

ആദ്യം വാഹനം ഓടിച്ചത് വഫ ഫിറോസാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ഈ നീക്കം പൊളിയുകയായിരുന്നു. കേസിലെ ഏക പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.

Leave a Reply

Your email address will not be published. Required fields are marked *