തിരുവനന്തപുരം: ജന്മനാ കൈത്തണ്ടകളും കണങ്കാലുകളും ഇല്ലാതെ ജനിച്ചിട്ടും ആത്മവിശ്വാസം കൈവിടാതെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് നൂർ ജലീല. 2002-ൽ കോഴിക്കോട് മയ്യനാട്ട് അബ്ദുൽ കരീമിന്റെയും അസ്മാബിയുടെയും രണ്ടാമത്തെ മകളായി പിറന്ന നൂറിന്റെ അവസ്ഥ ആദ്യം മാതാപിതാക്കളെ വിഷമിപ്പിച്ചെങ്കിലും, മകളുടെ കഴിവും ആഗ്രഹങ്ങളും ഒന്നിന്റെയും പേരിൽ തടയരുതെന്ന ഉറച്ച തീരുമാനമാണ് അവളെ വലിയൊരു പ്രതിഭയായി വളർത്തിയത്.
ചിത്രകാരി, വയലിനിസ്റ്റ്, ഗായിക, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിൽ ഇന്ന് രാജ്യമറിയുന്ന താരമാണ് ഈ മലയാളി പെൺകുട്ടി. സഹോദരി ഐഷയുടെ റെക്കോർഡ് ബുക്കിൽ കളറടിക്കാൻ വേണ്ടി കോറിയിട്ട വരകളിലൂടെയാണ് നൂറിലെ ചിത്രകാരിയെ കുടുംബം തിരിച്ചറിയുന്നത്. പിന്നീട് 'സ്വപ്നചിത്ര' എന്ന പേരിൽ കോഴിക്കോട് ലളിതകലാ അക്കാദമിയിൽ ചിത്രപ്രദർശനം നടത്തുന്നിടം വരെ ആ കല വളർന്നു. ശാരീരിക പരിമിതികൾക്കിടയിലും ഹെയർ ബാൻഡിൽ വയലിൻ വില്ല് ഉറപ്പിച്ച് പരിശീലിച്ചാണ് അവൾ സംഗീതത്തിലും മികവ് തെളിയിച്ചത്. കെ.എസ്. ചിത്ര, സ്റ്റീഫൻ ദേവസി തുടങ്ങിയ പ്രമുഖർക്കൊപ്പം വേദി പങ്കിടാനും നൂറിന് സാധിച്ചു.
കലയ്ക്കൊപ്പം സാമൂഹ്യസേവന രംഗത്തും നൂർ സജീവമാണ്. കിടപ്പുരോഗികൾക്കൊപ്പം പാടിയും ചിത്രങ്ങൾ വരച്ചും പത്രം വായിച്ചുകൊടുത്തും അവർക്ക് സാന്ത്വനമേകാൻ അവൾ സമയം കണ്ടെത്തുന്നു. നിരാശയിൽ നിന്ന് പ്രതീക്ഷയിലേക്ക് ആളുകളെ കൈപിടിച്ചുയർത്തുന്ന നൂറുകണക്കിന് വേദികളിൽ സംസാരിച്ചിട്ടുള്ള നൂർ, സമൂഹമാധ്യമങ്ങളിലൂടെയും യുവജനങ്ങൾക്ക് പ്രചോദനമേകുന്നുണ്ട്.
ഒന്നും ഒന്നിനും തടസ്സമല്ലെന്ന സന്ദേശമാണ് അവൾ എപ്പോഴും പങ്കുവയ്ക്കുന്നത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ നൂർ ജലീല ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അടഞ്ഞുകിടക്കുന്ന വാതിലുകൾ പോലും ഉറച്ച മനസ്സുകൊണ്ട് തുറക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഈ മിടുക്കി.