മലപ്പുറത്ത് എംഡിഎംഎ പിടികൂടിയ കേസ് ; ലഹരിമാഫിയ തലവന്‍ നൈജീരിയക്കാരനെയും ഭാര്യയെയും കൊണ്ടോട്ടി പോലീസ് പൊക്കി

മലപ്പുറം: പുളിക്കലില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ലഹരിമാഫിയയുടെ തലവന്‍ അറസ്റ്റില്‍. 15 വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്ന നൈജീരിയക്കാരന്‍ പോളും ഭാര്യയുമാണ് അറസ്റ്റിലായിരിക്കുന്നത്.

ഇവര്‍ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്ക് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കടത്തിയിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. ലഹരിക്കടത്തിലൂടെ ഉണ്ടാക്കിയ പണവുമായി നൈജീരിയയ്ക്ക് മുങ്ങാനൊരുങ്ങുമ്പോള്‍ പൂനെയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്.

പൂനെയില്‍ നിന്നും കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത ഇരുവരേയും മലപ്പുറത്ത് നാര്‍ക്കോട്ടിക് സെല്‍ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. തെളിവുകളുടെയൂം വിവരങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും പിടികൂടിയത്.

ജൂണില്‍ അരൂരില്‍ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. ഒന്നരപതിറ്റാണ്ടായി ഇന്ത്യയിലുള്ള പോള്‍ മുംബൈ സ്വദേശിനി ആര്‍തിയെ വിവാഹം ചെയ്ത് ഇവിടെ കഴിയുകയായിരുന്നു.

ലഹരി ഇയാള്‍ കേരളത്തിലേക്ക് ഉള്‍പ്പെടെ ഒഴുക്കിയിരുന്നു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ നിരവധി ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വിവരം കിട്ടി. പണം നൈജീരിയയിലേക്ക് കടത്തി അവിടേക്ക് കടക്കാന്‍ ഉദ്ദേശിച്ച് നീങ്ങുമ്പോള്‍ കൊണ്ടോട്ടി സ്‌ക്വാഡ് പൂനെയില്‍ എത്തി അതിവിദഗ്ദ്ധമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *