തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദിവസം 2,400 പേർക്കാണ് സൗജന്യമായി വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ അവസരം.
ഒറ്റത്തവണ ബുക്ക് ചെയ്യുമ്പോൾ പരമാവധി ആറ് പേരുടെ വിവരങ്ങൾ ചേർക്കാം. ഒരു സ്ലോട്ടിൽ 300 പേർ വീതം എട്ട് സ്ലോട്ടുകളിലായാണ് ഭക്തരെ പ്രവേശിപ്പിക്കുക. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ ആറ് സ്ലോട്ടുകളും വൈകിട്ട് 4നും 5നും രണ്ട് സ്ലോട്ടുകളുമാണുള്ളത്.
വെർച്വൽ ക്യൂ ഉള്ള ദിവസങ്ങളിലും സാധാരണ ക്യൂ വഴിയുള്ള ദർശനം, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ദർശനം, നെയ് വിളക്ക് ബുക്ക് ചെയ്തുള്ള ദർശനം എന്നിവ ലഭ്യമാകും.
ഗുരുവായൂർ ദേവസ്വത്തിന്റെ വെബ്സൈറ്റിലെ ‘ഫ്രീ ദർശൻ’ വിഭാഗത്തിലൂടെയാണ് ഓൺലൈൻ ബുക്കിങ് നടത്തേണ്ടത്.