ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി: തമിഴ്നാട്ടിൽ അഞ്ച് പൊലീസുകാർക്കെതിരെ നടപടിയെടുത്ത് വിജയ് സർക്കാർ

ചെന്നൈ: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ. തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിലായാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ തുക. വിവിധ കേസുകളിൽ ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമായിരുന്നു നടപടി.

തിരുനെൽവേലി സിറ്റി മേലപ്പാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സ്വർണ രാജിനെയാണ് സസ്‌പെൻഡ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ രേഖകൾ കാണിച്ചിട്ടും ഇരുചക്രവാഹന യാത്രക്കാരനോട് 1,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം ഗൂഗിൾ പേ വഴി നൽകുന്നതിനായി സ്വന്തം നമ്പർ ഇയാൾ ബൈക്ക് യാത്രികന് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.

ചെന്നൈ നോർത്ത് ബീച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശിവരാജിനെയും കോൺസ്റ്റബിൾ വിവേകിനെയും 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. മോഷണം പോയ ഇരുചക്രവാഹനം ഉടമയ്ക്ക് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടാണ് ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതെന്നാണ് ആരോപണം. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.

മാധവരം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മറ്റൊരു സബ് ഇൻസ്‌പെക്ടർക്കെതിരെയും നടപടി സ്വീകരിച്ചു. കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.

ഇതിനിടെ, പുഴൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മാരീശ്വരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കൈക്കൂലി ആവശ്യപ്പെട്ടതും സ്വീകരിച്ചതുമായ ആരോപണത്തിൽ വകുപ്പുതല അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്. 2024ൽ അണ്ണാനഗർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കാലത്താണ് മാരിശ്വരനെതിരെ ആരോപണങ്ങൾ ഉയർന്നത്. വകുപ്പുതല നടപടികളിൽ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. പലതവണ കൈക്കൂലി ആവശ്യപ്പെട്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർവീസിൽനിന്ന് പിരിച്ചുവിടാൻ ഉത്തരവായത്.

അതേസമയം തമിഴ്നാട്ടിൽ എവിടെയെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ നൽകാൻ തയ്യാറാകരുതെന്നും, നിർബന്ധിച്ചാലും പണം നൽകില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കണമെന്നും വിജയ് മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് കരൂരിൽ നടന്ന റാലിക്കിടെ പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

'ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ നൽകില്ലെന്ന് പറയണം. ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും. എന്നിട്ടും നിർബന്ധം തുടരുകയാണെങ്കിൽ, 'ഞങ്ങളുടെ മകനും സഹോദരനുമായ വിജയ്‌യാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പറയണം. ശക്തമായി തന്നെ പറയൂ, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ എനിക്കൊപ്പം നിന്നാൽ അഴിമതിക്കാരെ നമുക്ക് തുടച്ചുനീക്കാം,' എന്നായിരുന്നു വിജയ്‌യുടെ കരൂരിലെ പ്രസംഗത്തിലെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *