ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ പിന്നോട്ടില്ല; സിജെപി പ്രതിഷേധത്തിന് നാളെ തുടക്കം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനമായ നാളെ മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി. മുംബൈയിലെ ശിവാജി പാർക്കിലാണ് പ്രതിഷേധത്തിന് തുടക്കമിടുകയെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ പറഞ്ഞു.
പ്രതിഷേധം നടത്തുന്നത് തങ്ങളുടെ അവകാശമാണെന്നും ആസാദ് മൈതാനത്ത് പ്രതിഷേധം നടത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അഭിജീത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കുന്ന പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സിജെപി നേതാക്കൾ പറഞ്ഞു. ഗ്യാനേഷ് കുമാർ രാജ്യത്തോട് വഞ്ചന കാട്ടിയെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് ചുമത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ശിവാജി പാർക്കിൽ സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയെന്ന വാദവും അഭിജീത് ദിപ്കെ നിരാകരിച്ചു. പ്രദേശവാസികളാരും പ്രതിഷേധത്തെ എതിർക്കുന്നില്ലെന്നും ശിവാജി പാർക്ക് സൈലന്റ് സോൺ ആണെങ്കിൽ മുഖ്യമന്ത്രിക്ക് എങ്ങനെ അവിടെ റാലികൾ സംഘടിപ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ഒക്ടോബർ അവസാനത്തോടെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിക്കും. തുടർന്ന് ഗോവ, കർണാടക, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അഭിജീത് കൂട്ടിച്ചേർത്തു.
എസ്ഐആറുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയത്.