ഇന്ധനടാങ്കര്‍ മറിഞ്ഞു തീപിടിച്ചു ; ഈജിപ്തില്‍ 31 പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക് ; അപകടം തിരക്കേറിയ സ്ഥലത്ത്

കെയ്റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ ഇന്ധനടാങ്കര്‍ മറിഞ്ഞ് തീപിടിച്ച സംഭവത്തില്‍ 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരത്തില്‍ തിരക്കേറിയ ഹൈവേയിലാണ് തീപിടുത്തം സംഭവിച്ചത്. അപകടസ്ഥലത്തേക്ക് 39 ആംബുലന്‍സുകള്‍ അയച്ചതായും പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ ഹൈവേയായ കെയ്റോയിലെ റിംഗ് റോഡില്‍ വെച്ചാണ് ഇന്ധനം നിറച്ച ട്രക്ക് മറിഞ്ഞതും തീപിടുത്തം ഉണ്ടായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. ജനസാന്ദ്രതയേറിയ അല്‍-വറാഖ് പ്രദേശത്തിന് മുകളില്‍ വലിയ അഗ്‌നിഗോളവും കട്ടിയുള്ള കറുത്ത പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ എ.എഫ്.പി പുറത്തുവിട്ടു. പരിക്കേറ്റ 15 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കത്തിനശിച്ച കാറുകളുടെയും, ട്രക്കിന്റെ അവശിഷ്ടങ്ങളിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്ന അഗ്‌നിശമന സേനാംഗങ്ങളുടെയും ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഈജിപ്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ പരിശോധനകള്‍ നടത്തിവരികയാണ്. അപകടകാരണം അറിയുന്നതിനായി അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള ജനവാസ മേഖലകളുള്ള ഈജിപ്തില്‍ സമീപ വര്‍ഷങ്ങളില്‍ നിരവധി മാരകമായ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫയര്‍ എസ്‌കേപ്പുകള്‍, സ്‌മോക്ക് ഡിറ്റക്ടറുകള്‍, അലാറങ്ങള്‍ എന്നിവ പലയിടത്തും കുറവാണ്. കൂടാതെ ഇടുങ്ങിയ റോഡുകള്‍ ദുരന്തസ്ഥലങ്ങളിലേക്ക് ഫയര്‍ എഞ്ചിനുകള്‍ക്ക് എത്തിച്ചേരുന്നതിന് തടസ്സമാകുന്നു.

അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനങ്ങളുടെ മോശം അറ്റകുറ്റപ്പണികള്‍, ഗതാഗത നിയമലംഘനങ്ങള്‍ എന്നിവ കാരണം രാജ്യത്ത് വാഹനാപകടങ്ങളും പതിവാണ്. ഈജിപ്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് ഏജന്‍സിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം റോഡപകടങ്ങളില്‍ ഏകദേശം 6,000 പേര്‍ മരിച്ചു. അതിന് തൊട്ടുമുമ്പുള്ള വര്‍ഷം 5,200-ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഓഗസ്റ്റില്‍ വടക്കന്‍ ഈജിപ്തില്‍ കര്‍ഷകത്തൊഴിലാളികളുമായി പോയ രണ്ട് പിക്കപ്പ് ട്രക്കുകള്‍ കൂട്ടിയിടിച്ച് കൗമാരക്കാരടക്കം കുറഞ്ഞത് 18 പേര്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *