ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപയും യുഎസ് ഡോളറും പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. തേവരയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും പച്ചാളം ഇരട്ടക്കുളങ്ങരയിലെ രണ്ട് വീടുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്.

പരിശോധനയിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വിദേശനാണ്യത്തിന് ഏകദേശം 75,000 രൂപയുടെ മൂല്യമുണ്ടെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. തന്റെ ലോഡ്ജിൽ നിന്നുള്ള മാസവരുമാനമാണ് പിടിച്ചെടുത്ത പണമെന്നാണ് പ്രജനി രാജൻ വിജിലൻസിന് നൽകിയ മൊഴി.

ശനിയാഴ്ച രാവിലെ ഏഴരയോടെ ആരംഭിച്ച പരിശോധന രാത്രി ഒൻപത് മണിയോടെയാണ് അവസാനിച്ചത്. വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി എം. ജെ. സോജൻ, ഡിവൈഎസ്പി എ. എൽ. യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിന്ന് വാറന്റ് വാങ്ങിയ ശേഷമായിരുന്നു റെയ്ഡ്.

കൊച്ചി നഗരത്തിലെ ചില ബാർ ഹോട്ടലുകളിലെ ജിഎസ്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായ വിവരങ്ങളും വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രജനി രാജൻ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. പണത്തിന് പുറമെ പരിശോധനയിൽ വിവിധ രേഖകളും വിജിലൻസ് പിടിച്ചെടുത്തു.

–

Leave a Reply

Your email address will not be published. Required fields are marked *