ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി എസ് ബാബു (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് വി എസ് ബാബു കൊളത്തൂർ മണ്ഡലത്തിന്റെ എംഎൽഎ ആയത്.
ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന്, സെപ്‌തംബർ ഒമ്പത് മുതൽ അദ്ദേഹത്തെ ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, രണ്ട് മാസത്തിലേറെയായി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് ആരോഗ്യനില വഷളായതിന് പിന്നാലെ ഹൃദയസ്‌തംഭനം ഉണ്ടാകുകയും ഉച്ചയ്‌ക്ക് 2.24ഓടെ മരണം സംഭവിക്കുകയുമായിരുന്നു.
ടിവികെയിൽ ചേരുന്നതിന് മുമ്പ് ഡിഎംകെയിലും അണ്ണാ ഡിഎംകെയിലും വി എസ് ബാബു പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ പുരസവാക്കത്ത് നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. 2011ൽ ഡിഎംകെയുടെ നോർത്ത് ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു കൊളത്തൂരിൽ എം കെ സ്റ്റാലിൻ മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രചാരണ സെക്രട്ടറിയായിരുന്നു. എന്നാൽ, സ്റ്റാലിന് ഭൂരിപക്ഷം കുറഞ്ഞുപോയെന്നാരോപിച്ച് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി. തുടർന്ന് അണ്ണാ ഡിഎംകെയിൽ ചേർന്നു. പിന്നീട് ടിവികെയിൽ ചേർന്ന വി എസ് ബാബു പാർട്ടിയുടെ ജോയിന്റ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച് വരികയായിരുന്നു.