ന്യൂഡല്‍ഹി: 2026 ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷാ സമയം വര്‍ദ്ധിപ്പിച്ചതും ചോദ്യപേപ്പറിന്റെ ഘടനയില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഇതില്‍ പ്രധാനം. ജൂണ്‍ 12-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് എന്‍ടിഎ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പരീക്ഷാ സമയം 195 മിനിറ്റായി ഉയര്‍ത്തി
വിദ്യാര്‍ഥികളില്‍ നിന്നുള്ള മുന്‍വര്‍ഷങ്ങളിലെ പ്രതികരണങ്ങള്‍ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂര്‍ 15 മിനിറ്റ്) എന്‍ടിഎ പുതുക്കി നിശ്ചയിച്ചു. ഉച്ചയ്ക്ക് 2:00 മണി മുതല്‍ വൈകിട്ട് 5:15 വരെയാണ് പരീക്ഷാ സമയം. അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പിടല്‍, ഇന്‍വിജിലേഷന്‍ നടപടികള്‍ തുടങ്ങിയ പരീക്ഷയ്ക്ക് മുന്നോടിയായുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളുടെ എഴുത്തുസമയം നഷ്ടപ്പെടാതിരിക്കാനാണ് 15 മിനിറ്റ് അധികമായി അനുവദിച്ചിരിക്കുന്നത്.
റഫ് വര്‍ക്കിനായി കൂടുതല്‍ സ്ഥലം
ചോദ്യപേപ്പറിലെ റഫ് വര്‍ക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലായി ഉയര്‍ത്തിയിട്ടുണ്ട്. കണക്കുകള്‍ ചെയ്യാനും ഡയഗ്രമുകള്‍ വരയ്ക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കൂടുതല്‍ സ്ഥലം ലഭിക്കും.
ചോദ്യപേപ്പര്‍ ബുക്ക്ലെറ്റിന്റെ ഘടനയിലും മാറ്റമുണ്ട്:
• മുന്‍പ് ബുക്ക്ലെറ്റിന്റെ ഏറ്റവും അവസാനത്തില്‍ മാത്രമായിരുന്നു റഫ് പേജുകള്‍ ഉണ്ടായിരുന്നത്.
• പുതിയ മാറ്റപ്രകാരം രണ്ട് റഫ് പേജുകള്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ ഭാഗത്തിന് പിന്നാലെയും, ബാക്കി രണ്ട് പേജുകള്‍ ബുക്ക്ലെറ്റിന്റെ അവസാനത്തിലും നല്‍കും.
• ഇംഗ്ലീഷ്, മറ്റ് പ്രാദേശിക ഭാഷകളിലുള്ള എല്ലാ ചോദ്യപേപ്പറുകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും. ഇടംകൈയ്യരായ വിദ്യാര്‍ഥികള്‍ക്ക് പഴയ രീതി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ക്രമീകരണം.