കോഴിക്കോട് പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചന്‍കുന്നിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നപ്പോഴാണ് ഷിഗെല്ല പോസിറ്റീവാണെന്ന് വ്യക്തമായത്. നിലവില്‍ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗബാധയില്ല. പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.കോഴിക്കോട് ജില്ലയില്‍ ഇതുവരെ 12 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗബാധിതനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 77 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളുമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ രണ്ടുപേര്‍ അതീവ റിസ്‌ക് വിഭാഗത്തിലും, 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്. 62 പേര്‍ റിസ്‌ക് കുറഞ്ഞ വിഭാഗത്തിലാണ്. നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ല.
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പ് പ്രകാരം രാമനാട്ടുകര, ഫറൂഖ് ഭാഗങ്ങളില്‍ മാത്രമാണ് രോഗബാധയുണ്ടായ സമയത്ത് ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നത്. രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇയാള്‍ ജോലി ചെയ്തിരുന്ന ഗോഡൗണില്‍ പരിശോധന നടത്തിയെങ്കിലും വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടുവളപ്പില്‍ നിന്ന് സപ്പോട്ട പഴം കഴിച്ചിരുന്നതായി രോഗി പറഞ്ഞിരുന്നു. ഇവിടെ നിന്നാകാം വൈറസ് ബാധിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പുള്ളത്.