തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തി വിൽക്കുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും പരിശോധന നടത്താൻ നിർദേശം നൽകി മന്ത്രി അനൂപ് ജേക്കബ്. പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് മന്ത്രി നിർദേശം നൽകിയത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് നടപടി. നിലവിൽ കേരളത്തിൽ പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കർണാടകയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. 2005ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ്, ഹൈ സ്പീഡ് ഡീസൽ റെഗുലേഷൻസ് നിയമപ്രകാരം സംസ്ഥാനം 2014ൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മീഷണർ മുതൽ താലൂക്ക് സപ്ലൈ ഓഫീസർ വരെയുള്ളവർക്ക് പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും അധികാരമുണ്ട്. മായം കലർത്തിയതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ, പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ പരിശോധനാഫലം എണ്ണക്കമ്പനികൾ തള്ളി. പരിശോധന അംഗീകൃത രീതിയിലല്ലെന്നാണ് കമ്പനികളുടെ വാദം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള എണ്ണക്കമ്പനികൾ സംയുക്ത വാർത്താക്കുറിപ്പിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ബിഐഎസ് മാർഗനിർദേശങ്ങൾ പാലിച്ചാണ് പെട്രോളിൽ എഥനോൾ കലർത്തുന്നതെന്നും കർണാടകയുൾപ്പെടെ 27 സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ എഥനോളിന്റെ അളവ് 19 മുതൽ 21 ശതമാനം വരെയാണെന്നുമാണ് കമ്പനികളുടെ വിശദീകരണം.
മാപ്പുകൾ കാണുക
എന്നാൽ കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ പെട്രോളിൽ 31 ശതമാനത്തിലധികം എഥനോൾ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. ബെംഗളൂരു ഉൾപ്പെടെ ഏഴ് നഗരങ്ങളിലെ പൊതുമേഖലാ, സ്വകാര്യ മേഖലയിലെ എണ്ണക്കമ്പനികളുടെ പെട്രോളാണ് പരിശോധിച്ചത്. 63 സാമ്പിളുകളാണ് പഠനവിധേയമാക്കിയത്. ഇന്ത്യൻ ഓയിൽ പെട്രോളിൽ 31.2 ശതമാനവും എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തിയെന്നാണ് കർണാടകയുടെ റിപ്പോർട്ട്. പരിശോധനാഫലം കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ട്.
ഇതിനിടെ, എഥനോൾ കലർത്തിയ പെട്രോൾ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. കർണാടക സർക്കാരിന്റെ പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ടാണ് രാഹുൽ സംവാദത്തിന് വെല്ലുവിളിച്ചത്. പരിശോധിച്ച 14 സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോളിന്റെ അളവ് 20 ശതമാനത്തിന് മുകളിലാണെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. അളവിൽ കൂടുതൽ എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ തകരാറുകൾക്ക് കാരണമാകുമെന്നും അദ്ദേഹം ആരോപിച്ചു.