പത്തനംതിട്ട: ബംഗളൂരുവിലെ ലോഡ്ജിൽ വാക്കേറ്റത്തെ തുടർന്ന് മലയാളി യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പന്തളം കുരമ്പാല ആതിരമല ശിവഗംഗയിൽ അനിൽകുമാർ – ബിന്ദു ദമ്പതികളുടെ ഇളയ മകൾ ഗംഗയാണ് (22) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഗോകുൽകൃഷ്ണ (23) അറസ്റ്റിലായി. മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഗോകുൽ ഗംഗയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ബംഗളൂരു തവക്കൽ മസ്താൻ ദർഗക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തിന് മുൻപായിരുന്നു സംഭവം. നാലുവർഷമായി ഗംഗയും ഗോകുലും അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. ബംഗളൂരുവിൽ നഴ്സിംഗ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. ഗംഗയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന സംശയത്തെത്തുടർന്ന് ഇന്നലെ ലോഡ്ജിൽ വച്ച് ഗംഗയും ഗോകുലും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഗോകുൽ, ഗംഗയെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു എന്നാണ് വിവരം.
ലോഡ്ജ് ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഗംഗയെ ആശുപത്രിയിലെത്തിച്ചത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവതി. മുറിയിലെ കട്ടിലിലും സ്റ്റെയർകേസിലും രക്തക്കറയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗംഗയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത രക്തസ്രാവമാണ് മരണകാരണമായി പറയുന്നത്.
ബംഗളൂരു കോട്ടൺപേട്ട പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. ഇരുവരുടേയും ബന്ധുക്കൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഗംഗയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.നഴ്സിംഗ് പൂർത്തിയാക്കിയ ശേഷം ജോലിയ്ക്കായി ബംഗളൂരുവിലെത്തിയതാണ് ഗംഗ. ബി.എസ്.സി നഴ്സിംഗ് ബിരുദധാരിയായ ഗോകുൽകൃഷ്ണ പഠനശേഷം ബംഗളൂരുവിലെ നഴ്സിംഗ് കോളേജിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്ന ഏജന്റായി പ്രവർത്തിക്കുകയാണ്. ഗംഗയുടെ സഹോദരി വിദേശത്താണ്.