സ്വകാര്യ ബസിനുള്ളില്‍ യുവതിക്ക് കൂട്ടബലാത്സംഗം ; രണ്ട് ബസ് ജീവനക്കാര്‍ പിടിയില്‍ ; സംഭവം കോഴിക്കോട്ട്

കോഴിക്കോട്: സ്വകാര്യ ബസിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ രണ്ട് ബസ് ജീവനക്കാര്‍ പിടിയില്‍. താമരശ്ശേരിയില്‍ നടന്ന സംഭവത്തില്‍ സ്വകാര്യ ബസിലെ ജീവനക്കാരായ ഡ്രൈവര്‍ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ. അനീഷ് (കുട്ടന്‍ – 38), ക്ലീനര്‍ പുഴക്കുന്നുമ്മല്‍ പി.എസ്. സജിത്ത് (അക്കു – 24) എന്നിവരാണ് അറസ്റ്റിലായത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. അടിവാരം – കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരാണ് രണ്ടു പേരും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ ജോലി കഴിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്ന യുവതിയെ, ബന്ധുവിന്റെ പരിചയക്കാരായ പ്രതികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലഹരിവസ്തുക്കള്‍ നല്‍കി മയക്കിയ ശേഷം കാറില്‍ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പകര്‍ത്തിയ നഗ്‌നചിത്രങ്ങളും വീഡിയോയും കാട്ടി ഭീഷണിപ്പെടുത്തി പിന്നീട് പല ദിവസങ്ങളിലായി ഇവര്‍ യുവതിയെ ചൂഷണം ചെയ്തു.

അടിവാരത്തെയും ഒന്നാം വളവിന് സമീപത്തെയും വിജനമായ സ്ഥലങ്ങളില്‍ ബസ് ഒതുക്കി നിര്‍ത്തി ഷട്ടറുകള്‍ താഴ്ത്തിയ ശേഷമായിരുന്നു പീഡനം. പ്രതികള്‍ക്ക് പുറമെ കണ്ടാലറിയാവുന്ന മറ്റ് ചിലരും തന്നെ ഉപദ്രവിച്ചതായി യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ യുവതി ആദ്യം കൊടുവള്ളി പൊലീസിലും പിന്നീട് കാക്കൂര്‍ പൊലീസിലും പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴി പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *