‘ഭീകരവാദം നടത്തുന്നവർക്ക് രക്ഷയില്ല’; യുഎന്നിൽ പാകിസ്ഥാനെതിരെ ജയ്ശങ്കറിന്റെ രൂക്ഷ വിമർശനം

ന്യൂയോർക്ക്: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. യുഎൻ പൊതുസഭയിൽ സംസാരിക്കവെ പാകിസ്ഥാന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് ‘തുടർച്ചയായി ഭീകരവാദം നടത്തുന്ന രാജ്യം’ എന്ന് ജയ്ശങ്കർ വിമർശിച്ചത്. ഭീകരവാദത്തെ സാധാരണവൽക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ജയ്ശങ്കർ പറഞ്ഞു. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കും. ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന സമീപനങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദവും സൗഹൃദവും സന്മനോഭാവവും ഒരേസമയം നിലനിൽക്കില്ലെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.

സമാധാനത്തിന് നിരന്തര ഭീഷണിയായി തുടരുന്ന വിപത്താണ് ഭീകരവാദമെന്ന് ലോകനേതാക്കളോട് ജയ്ശങ്കർ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ഭരണകൂടങ്ങളുടെ പിന്തുണയുണ്ടാകുന്നത് ആഗോള ക്രമത്തിന് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും ഭീകരവാദത്തിനെതിരായ സീറോ ടോളറൻസ് നിലപാടിൽ യാതൊരു അയവും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരവാദത്തിന്റെ സാമ്പത്തിക വശങ്ങൾ തുറന്നുകാട്ടുകയും അതിനെ പ്രതിരോധിക്കുകയും വേണമെന്നും ജയ്ശങ്കർ പറഞ്ഞു. ഭീകരവാദം നടത്തുന്നവർ തന്നെയാണ് തങ്ങളുടെ രീതികൾ തിരുത്തേണ്ടതെന്നും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസുരക്ഷയും ഭീകരവാദത്തിനെതിരായ നടപടികളും സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് ശക്തമായി തുടരുമെന്ന സന്ദേശമാണ് ജയ്ശങ്കറിന്റെ പ്രസംഗത്തിലൂടെ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *