ജീവജാലങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയ ഒരേയൊരു ഗ്രഹം ഭൂമിയാണ്. എന്നാൽ ജീവജാലങ്ങൾക്ക് ഭൂമിയേക്കാൾ മികച്ച സാഹചര്യങ്ങൾ നൽകാൻ കഴിയുന്ന മറ്റ് 'ലോകങ്ങൾ' പ്രപഞ്ചത്തിലുണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. 'സൂപ്പർ ഹാബിറ്റബിൾ വേൾഡ്സ്' എന്നാണ് ഈ ഗ്രഹങ്ങളെ വിശേഷിപ്പിക്കുന്നത്. ഇവയിൽ കൂടുതൽ അനുകൂലമായ കാലാവസ്ഥയും ധാരാളം ജലലഭ്യതയും ഉണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, ഭൂമിയിലേക്കാൾ അധികം വർഷം ജീവൻ നിലനിൽക്കാനും പരിണമിക്കാനും സഹായിക്കുന്ന സാഹചര്യങ്ങൾ ഇത്തരം ഗ്രഹങ്ങളിലുണ്ടാകാമെന്നുമാണ് നിഗമനം. എന്നാൽ നിലവിൽ ഇത്തരത്തിൽ ഒരു ഗ്രഹവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
ജീവൻ വികസിക്കാനും അഭിവൃദ്ധി പ്രാപിക്കുന്നതിനും കൂടുതൽ മികച്ച സാഹചര്യങ്ങൾ നൽകാൻ ശേഷിയുള്ള ഗ്രഹങ്ങളെയാണ് സൂപ്പർ ഹാബിറ്റബിൾ ഗ്രഹങ്ങൾ എന്ന് വിളിക്കുന്നത്. ഇവ ഭൂമിയേക്കാൾ 20 മുതൽ 30 ശതമാനം വരെ വീതിയുള്ളതായിരിക്കും. ഭൂമിയേക്കാൾ രണ്ടിരട്ടി ഭാരവുമുണ്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
ശക്തമായ ഗുരുത്വാകർഷണമുള്ളതിനാൽ അന്തരീക്ഷം കൂടുതൽ കട്ടിയുള്ളതായിരിക്കും. ഇത് കൂടുതൽ ചൂടുള്ളതും സ്ഥിരതയുള്ളതുമായ കാലാവസ്ഥ നൽകുന്നു. വലിപ്പമേറിയ അക കാമ്പ് കൂടുതൽ ശക്തമായ കാന്തികമണ്ഡലം സൃഷ്ടിച്ചേക്കാം. ഇത് ബഹിരാകാശത്തുനിന്നുള്ള ഹാനികരമായ വികിരണങ്ങളിൽ നിന്ന് മികച്ച സംരക്ഷണം നൽകുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഈ ഗ്രഹങ്ങളിൽ ആഴം കുറഞ്ഞ വിശാലമായ കടലുകളും തടാകങ്ങളും ദ്വീപുകളും ഉണ്ടാകാമെന്നും അവ വിവിധതരം ജീവജാലങ്ങൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുമെന്നും ഗവേഷകർ കരുതുന്നു.
സൂപ്പർ ഹാബിറ്റബിൾ ഗ്രഹങ്ങൾക്ക് പുറമെ ഒരു നക്ഷത്രക്കുറിച്ചും ശാസ്ത്രജ്ഞർ അത്ഭുതപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങൾ നടത്തിയിരുന്നു. കെ-ഡ്വാർഫ് എന്ന് പേര് നൽകിയിരിക്കുന്ന ഈ നക്ഷത്രം സൂര്യനേക്കാൾ ചെറുതും തണുപ്പുള്ളതും കൂടുതൽ ഓറഞ്ച് നിറത്തിലുള്ളതുമാണ്. ഇന്ധനം വളരെ സാവധാനം മാത്രം എരിച്ച് കളയുന്നതിനാൽ കോടിക്കണക്കിന് വർഷങ്ങളോളം സ്ഥിരമായി പ്രകാശിക്കാൻ അവയ്ക്ക് സാധിക്കുന്നു. ഇത് സമീപത്തുള്ള ഗ്രഹങ്ങളിലെ ജീവജാലങ്ങൾക്ക് വികസിക്കാനും പരിണമിക്കാനും കൂടുതൽ സമയം നൽകുന്നതായി കരുതപ്പെടുന്നു. കൂടാതെ സൂര്യപ്രകാശം ഏൽക്കുന്നതിനേക്കാൾ കൂടുതൽ വേഗത്തിലും ഉയരത്തിലും ചെടികൾ കെ-ഡ്വാർഫിന്റെ പ്രകാശത്തിൽ വളരുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തി. കെ-ഡ്വാർഫിന്റെ പ്രകാശത്തിൽ പ്രകാശസംശ്ലേഷണം മികച്ച രീതിയിൽ നടക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഭൂമിയേക്കാൾ മികച്ച രീതിയിൽ ജീവന് അനുകൂലമായ സാഹചര്യങ്ങളുള്ള മറ്റ് ഗ്രഹങ്ങൾ ഉണ്ടാകാമെന്ന ആശയങ്ങൾ 2010ലാണ് ശ്രദ്ധനേടിത്തുടങ്ങിയത്. വിവിധ തരത്തിലുള്ള ജീവജാലങ്ങളെ ഭൂമി ഉൾക്കൊള്ളുന്നുണ്ടെങ്കിലും ജീവൻ നിലനിർത്താനുള്ള ഭൂമിയുടെ ശേഷി സാഹചര്യങ്ങളുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഭൂമി സൂര്യനോട് കുറച്ചുകൂടി അടുത്തായിരുന്നെങ്കിൽ ഇപ്പോഴുള്ളതുപോലെ സമുദ്രങ്ങൾ രൂപപ്പെടുമായിരുന്നില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. കാലക്രമേണ തിളക്കം വർദ്ധിച്ചുവരുന്ന സൂര്യനിൽ നിന്ന് ഭൂമി കടുത്ത ഭീഷണി നേരിടുകയാണ്. ഇത് തുടർന്നാൽ ജീവജാലങ്ങളെ ഉൾക്കൊള്ളാനാവുന്നതിലുമപ്പുറം ഭൂമിയിൽ ചൂട് വർദ്ധിക്കുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. സൂര്യനെയും കെ-ഡ്വാർഫിനെയും താരതമ്യം ചെയ്യുമ്പോൾ സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളേക്കാൾ ജീവന് അനുകൂലം കെ-ഡ്വാർഫിന് ചുറ്റുമുള്ളവയായിരിക്കുമെന്നാണ് നിരീക്ഷണം.
ഇത്തരം ഗ്രഹങ്ങൾക്ക് സസ്യങ്ങളും ജന്തുക്കളും പോലുള്ള ജീവികൾക്ക് സമാനമായ ജീലജാലങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
സൂപ്പർ-ഹാബിറ്റബിൾ ഗ്രഹങ്ങളെ കണ്ടെത്താനായി ശക്തമായ ബഹിരാകാശ ദൂരദർശിനികൾ ഉപയോഗിക്കാനാണ് ജ്യോതിശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. 2027-ൽ വിക്ഷേപിക്കാൻ നിശ്ചയിച്ചിട്ടുള്ള യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ 'പ്ലാറ്റോ' ദൗത്യം ഇത്തരം ഗ്രഹങ്ങളെ തിരിച്ചറിയാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ ഗ്രഹങ്ങളെ കണ്ടെത്തുക എന്നത് ആദ്യഘട്ടം മാത്രമാണ്. ഇതിനുശേഷം ജീവന്റെ സാന്നിധ്യം സൂചിപ്പിക്കാൻ സാദ്ധ്യതയുള്ള വാതകങ്ങൾ അവയിലുണ്ടോ എന്ന് മനസിലാക്കാൻ ശാസ്ത്രജ്ഞർക്ക് അവയുടെ അന്തരീക്ഷം പരിശോധിക്കേണ്ടതുണ്ട്. ഇവയിൽ ചില ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാൻ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി സഹായിച്ചേക്കാമെന്നാണ് നിഗമനം. ചിലിയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന 'എക്സ്ട്രീംലി ലാർജ് ടെലിസ്കോപ്പ്' കൂടുതൽ വിശദമായ നിരീക്ഷണങ്ങൾ നടത്താൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2040-കളോടെ പ്രവർത്തനസജ്ജമാകുമെന്ന് കരുതപ്പെടുന്ന നാസയുടെ 'ഹാബിറ്റബിൾ വേൾഡ്സ് ഒബ്സർവേറ്ററി' വിദൂര ഗ്രഹങ്ങളിലെ ജീവന്റെ ലക്ഷണങ്ങൾക്കായുള്ള പഠനത്തിന് കൂടുതൽ സഹായകമാകുമെന്നും കരുതുന്നു.