ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്

ലക്നൗ: കാണ്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു. കല്ലേറുണ്ടായ വശത്തിന് നേരെ എതിര്‍ദിശയിലുള്ള സീറ്റിലാണ് അദ്ദേഹം ഇരുന്നിരുന്നത്. അതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഫിറോസാബാദ് ജില്ലയിലെ മകന്‍പുര്‍ സ്റ്റേഷന്‍ കടന്നുപോകുമ്പോഴാണ് മോഹന്‍ ഭഗവത് ഇരുന്ന ഇ-1 കോച്ചിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ട്രെയിന്‍ തൊട്ടടുത്തുള്ള തുണ്ടല സ്റ്റേഷനില്‍ നിര്‍ത്തുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ചില്ലുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിനായി പുറപ്പെട്ട സമയത്താണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലെറിഞ്ഞ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടാകുന്നത് പതിവാണെങ്കിലും മോഹന്‍ ഭഗവത് സഞ്ചരിച്ച കോച്ചിന് നേരെ തന്നെ ആക്രമണം ഉണ്ടായതില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.ഇന്ന് വൈകിട്ട് നാല് മണിക്ക് മോഹന്‍ ഭാഗവത് തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കും. ശനിയും ഞായറും തിരുവനന്തപുരത്തും തൃശൂരുമാണ് പരിപാടി. തിരുവനന്തപുരം ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 13ന് വൈകിട്ട് നാലരയ്ക്കാണ് ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ അദ്ദേഹം സംസാരിക്കുക. 14ന് വൈകിട്ട് നാലരയ്ക്ക് തൃശൂര്‍ പുഴയ്ക്കല്‍ ഹയാത്ത് റീജന്‍സിയിലാണ് പരിപാടി. 15ന് രാവിലെ എട്ടരയോടെ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകും.

 

 

Leave a Reply

Your email address will not be published. Required fields are marked *