കോഴിക്കോട്: വിൽപനയ്‌ക്കെത്തുന്ന മത്സ്യത്തിലധികവും ചീഞ്ഞതാണെന്ന പരാതിയുമായി ഉപഭോക്താക്കൾ. ഇതോടൊപ്പം രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യങ്ങളും വിപണികളിൽ സജീവമാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പകൽച്ചൂട് വർദ്ധിക്കുന്നതിനെത്തുടർന്നാണ് പച്ചമീൻ വേഗത്തിൽ കേടാകുന്നതിന് പ്രധാന കാരണം.
രാസവസ്തുക്കൾ ചേർത്ത മത്സ്യം കഴിച്ച് പലർക്കും വയറിളക്കമുൾപ്പടെയുള്ള അസുഖങ്ങളുണ്ടാകുന്നതായും ചിലർ പറയുന്നു. വൈകുന്നേരങ്ങളിലാണ് ഇത്തരം മത്സ്യങ്ങൾ വിൽക്കുന്നത്. മാത്രമല്ല, അമിത വില നൽകിയാണ് പല മീനുകളും വാങ്ങേണ്ടിവരുന്നത്. മാർക്കറ്റുകളിൽ വിൽക്കാനെത്തുന്ന മത്സ്യത്തിന് ന്യായവിലയും ഗുണവും ഉറപ്പാണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം, ഫോർമാലിൻ, അമോണിയ എന്നീ രാസവസ്തുക്കളാണ് മീനുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്. അമോണിയ ഐസിലാണ് ചേർക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുന്നതിനാണ് അമോണിയ ഉപയോഗിക്കുന്നത്. എന്നാൽ മീനുകളിൽ വിഷാംശം ചേർന്നിട്ടുണ്ടോയെന്ന് ചില പരിശോധനകളിലൂടെ വീടുകളിൽ തന്നെ കണ്ടെത്താൻ കഴിയും. മീനിന്റെ കണ്ണുകൾ നോക്കിയാൽ തന്നെ അവ ഫോർമാലിൻ ചേർത്തതാണോ എന്ന് അറിയാൻ കഴിയും.
ഫോർമാലിൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മീനുകളുടെ കണ്ണ് കുഴിഞ്ഞതും നീല നിറത്തിലുള്ളതുമായിരിക്കും. ഫോർമാലിൻ ഉപയോഗിച്ചവയാണെങ്കിൽ മീനുകളുടെ കണ്ണിന്റെ സ്വാഭാവികമായ തെളിമയും വൃത്താകൃതിയും നഷ്ടപ്പെട്ടിട്ടുണ്ടാകും. ഫോർമാലിൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മീനിന് തീരെ ദൃഡതയുണ്ടാകില്ല. ഇവ തൊടുമ്പോൾ തന്നെ കുഴിഞ്ഞ് പോകുന്നതായി കാണാൻ കഴിയും. ഫോർമാലിൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മീനിന് സ്വാഭാവികമായ ഗന്ധമുണ്ടാകില്ല. അതുപോലെ തന്നെ ചെകിളപ്പൂവിന്റെ നിറത്തിലും വ്യത്യാസമുണ്ടാകുകയും മീൻ മുറിക്കുമ്പോൾ രക്തത്തിന് നിറ വ്യത്യാസമുണ്ടായിരിക്കുകയും ചെയ്യും.