തിരുവനന്തപുരം: 2022 ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്ന ആരോപിക്കപ്പെടുന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടും. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ ഫുട്ബോൾ താരം യു. ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് നീക്കം. മുൻ മന്ത്രിയെന്ന നിലയിലാണ് ഗവർണറുടെ അനുമതി തേടുന്നതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
കേസിൽ ആദ്യഘട്ടത്തിൽ അഞ്ചുപേരെ പ്രതിചേർക്കാനാണ് എസ്ഐടിയുടെ നീക്കം. ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി, വി. അബ്ദുറഹ്മാൻ, സി. സത്യപാലൻ, യു. ഷറഫലി എന്നിവരാണിവർ. നിലവിലുള്ള എഫ്ഐആറിൽ അഴിമതിക്കുറ്റം കൂടി ഉൾപ്പെടുത്തിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കേസിൽ ആന്റോ അഗസ്റ്റിനെതിരെ ഗൂഢാലോചനക്കുറ്റമാണ് പ്രധാനമായും ചുമത്തുന്നത്. സ്പോൺസർക്കുവേണ്ടി സെക്രട്ടേറിയറ്റ് ചട്ടങ്ങൾ മറികടന്ന് മുൻ മന്ത്രിയും ഓഫീസും പ്രവർത്തിച്ചെന്ന കണ്ടെത്തലും എസ്ഐടി റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
അതേസമയം, സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജിസിഡിഎ എന്നിവർക്കെതിരായ തുടർനടപടികൾ വിശദമായ അന്വേഷണത്തിനുശേഷം തീരുമാനിക്കും. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.