മുംബൈ: ലോക്കൽ ട്രെയിനിൽ വെച്ച് സഹയാത്രികന്റെ മോശം സ്പർശനത്തെ ("ബാഡ് ടച്ച്") എതിർത്തതിന് ട്രെയിനിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് യുവതിക്ക് ഇടതുകൈ നഷ്ടമാവുകയും തലയിൽ 16 തുന്നലുകൾ വേണ്ടിവരികയും ചെയ്തു. യാത്രാ ഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്കാണ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്ത് നടന്ന സംഭവം വിരൽ ചൂണ്ടുന്നത്.
ബൊറിവലിയിൽ നിന്ന് വിരാറിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. നായിഗാവ് സ്റ്റേഷനിൽ വെച്ചാണ് ഇവരെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്നാണ് പരാതി. യുവതി നൽകിയ പരാതി പ്രകാരം, പ്രതി ഇവരെ തുടർച്ചയായി മോശമായി സ്പർശിച്ചുകൊണ്ടിരുന്നു. ഇതിൽ പ്രകോപിതയായ യുവതി ചെരുപ്പെടുത്ത് പ്രതിക്ക് നേരെ എറിയുകയും ഇത് വാക്കുതർക്കത്തിലേക്ക് നയിക്കുകയും ചെയ്തു.
സ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇടപെടാൻ ശ്രമിച്ചെങ്കിലും, അസഭ്യം പറഞ്ഞുകൊണ്ട് പ്രതി തന്റെ ചെരുപ്പെടുത്ത് യുവതിക്ക് നേരെ എറിയുകയായിരുന്നു. ട്രെയിൻ നായിഗാവ് സ്റ്റേഷനിൽ എത്തിയ ശേഷവും തർക്കം തുടർന്നു. ഇതിനിടെ പ്രതി യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയും, അവർ രണ്ട് കോച്ചുകൾക്കിടയിലുള്ള വിടവിലേക്ക് വീഴുകയുമായിരുന്നു.
പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങുകയും, യുവതിയുടെ ഇടതുകൈ ചക്രങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കൈ മുട്ടിന് സമീപത്തുവെച്ച് അറ്റുപോയി. ഒരു പോലീസ് ഉദ്യോഗസ്ഥനും മറ്റ് യാത്രക്കാരും ചേർന്നാണ് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയത്. ബഹളത്തിനിടയിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ സെക്ഷൻ 109 (കൊലപാതകശ്രമം) ചുമത്താത്തത് യുവതിയുടെ കുടുംബം ചോദ്യംചെയ്തു. ഇവർ എംഎൻഎസിന്റെ സഹായം തേടിയതിനെ തുടർന്ന് പാർട്ടി ഭാരവാഹികൾ ഗവൺമെന്റ് റെയിൽവേ പോലീസ് സീനിയർ ഇൻസ്‌പെക്ടറുമായി കൂടിക്കാഴ്ച നടത്തി. ഉചിതമായ വകുപ്പുകൾ ഉടൻ കൂട്ടിച്ചേർക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.