ലഹരി സംഘത്തിന്റെ ആക്രമണം: പൊലീസുകാരന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും, ആഭ്യന്തരമന്ത്രി ആശുപത്രിയിൽ എത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഡ്യുട്ടിക്കിടെ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡാൻസാഫ് അംഗം ദീപുരാജിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ദീപുവിന്റെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.

ലഹരി സംഘം സഞ്ചരിച്ച ജീപ്പ് ഇടിച്ചാണ് ദീപുവിന്റെ ഇടതുകൈക്ക് ഗുരുതര പരിക്കേറ്റത്. ആരോഗ്യവിവരങ്ങൾ ആഭ്യന്തര മന്ത്രി ചോദിച്ചറിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി കൃഷ്ണയും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞദിവസമായിരുന്നു പൊലീസിനുനേരെ ലഹരിസംഘത്തിന്റെ ആക്രമണം നടന്നത്. എം.ഡി.എം.എയുമായി വന്ന ലഹരി സംഘം തടയാൻ ശ്രമിച്ച പൊലീസുകാരുടെ നേർക്ക് ജീപ്പ് ഇടിച്ചു കയറ്റുകയായിരുന്നു. വൈകിട്ട് നാലു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ഭാഗത്തായിരുന്നു സംഭവം. എം.ഡി.എം.എയുമായി ഒരു സംഘം തിരുവനന്തപുരത്തേക്ക് ഥാർ ജീപ്പിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സിറ്റി ഡാൻസാഫ് ടീം കഴക്കൂട്ടം വാഹന പരിശോധന തുടങ്ങിയത്.

നാലുമണിയോടെ കെ.എൽ.01 ഡി.എഫ് 7303 മഹീന്ദ്ര ഥാർ ജീപ്പ് അമിതവേഗത്തിലെത്തി. പൊലീസ് കൈകാണിച്ച് വാഹനം തടയാൻ ശ്രമിച്ചു.

ഡാൻസാഫിന്റെ മറ്റൊരു സംഘം ബൈക്കിൽ ഈ വാഹനത്തെ ആറ്റിങ്ങൽ മുതൽ പിന്തുടരുന്നുണ്ടായിരുന്നു. വാഹനം നിർത്തി അമിതവേഗതയിൽ പുറകോട്ട് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിറകിലുള്ള ഡാൻസാഫ് സംഘത്തിന്റെ ബൈക്കിന് മുകളിലേക്കാണ് ജീപ്പ് ഇടിച്ചുകയറ്റിയത്. ബൈക്ക് പൂർണമായും തകർന്നു. ഈ അക്രമണത്തിലാണ് ബൈക്കിൽ പിന്തുടർന്ന ദീപുരാജ്, എസ്.ഐ മിഥുൻ എന്നിവർക്ക് സാരമായി പരിക്കേറ്റത്. മറ്റൊരു പൊലീസുകാരൻ ഓടിമാറി.

മുന്നിലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ മിന്നൽ വേഗത്തിൽ പ്രതികളെ കീഴടക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *