ദത്തുപുത്രനോ ദത്തുപുത്രിയോ അല്ല, മകനും മകളും മാത്രം; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി

കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടികൾ ദത്തെടുത്ത മാതാപിതാക്കളുടെ സ്വന്തം മകനോ മകളോ തന്നെയാണെന്നും ഔദ്യോഗിക രേഖകളിൽ അവരെ 'ദത്തുപുത്രൻ', 'ദത്തുപുത്രി' എന്നിങ്ങനെ വിശേഷിപ്പിക്കേണ്ടതില്ലെന്നും കേരള ഹൈക്കോടതി. സർക്കാർ രേഖകളിൽ മകൻ അല്ലെങ്കിൽ മകൾ എന്നുമാത്രം രേഖപ്പെടുത്തണമെന്നും ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ നിലവിലുള്ള ദത്തുപുത്രൻ, ദത്തുപുത്രി എന്നീ ഓപ്ഷനുകൾ ഉടൻ നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന വിധി.

ഒരു മാസം പ്രായമുള്ളപ്പോൾ ദത്തെടുക്കപ്പെട്ട യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. 2023-ൽ അമ്മ മരിച്ചപ്പോൾ ലഭിച്ച അനന്തരാവകാശ സർട്ടിഫിക്കറ്റിൽ യുവതിയെ 'മകൾ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഒരു വർഷത്തിനുശേഷം പിതാവ് മരിച്ചപ്പോൾ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ 'ദത്തുപുത്രി' എന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ചില ബന്ധങ്ങൾ ജനനത്തിലൂടെയും മറ്റു ചിലത് ദത്തെടുക്കലിലൂടെയും രൂപപ്പെടുന്നതാണ്. എന്നാൽ ബന്ധം രൂപപ്പെടുന്ന വഴികൾ വ്യത്യസ്തമാണെന്ന കാരണത്താൽ മകൻ അല്ലെങ്കിൽ മകൾ എന്ന വിശേഷണത്തിൽ വ്യത്യാസം വരുത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ദത്തെടുത്ത കുട്ടികളെ കുടുംബം സ്വന്തം മക്കളായാണ് കാണുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഔദ്യോഗിക രേഖകളിൽ മാത്രം അവരെ വേർതിരിച്ചു കാണിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഹർജിക്കാരിക്ക് നേരത്തെ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റ് റദ്ദാക്കിയ കോടതി, 'ദത്തുപുത്രി' എന്ന വിശേഷണത്തിന് പകരം 'മകൾ' എന്ന് രേഖപ്പെടുത്തി പുതിയ സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി.

1956-ലെ ഹിന്ദു ദത്തെടുക്കൽ-പരിപാലന നിയമത്തിലെ (HAMA) സെക്ഷൻ 12, 2015-ലെ ബാലനീതി നിയമം എന്നിവ പ്രകാരം നിയമപരമായ ദത്തെടുക്കൽ പൂർത്തിയാകുന്നതോടെ കുട്ടിക്ക് ജനിച്ച കുട്ടികൾക്കുള്ള അതേ നിയമപരമായ അവകാശങ്ങൾ ലഭിക്കും. ജന്മകുടുംബവുമായുള്ള നിയമപരമായ ബന്ധം അവസാനിക്കുകയും ദത്തെടുത്ത കുടുംബത്തിലെ പൂർണ അംഗമായി കുട്ടി മാറുകയും ചെയ്യും.

ദത്തെടുക്കപ്പെട്ട കുട്ടികളെ ഔദ്യോഗിക രേഖകളിൽ വേർതിരിച്ചു കാണിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള സുപ്രധാന ഇടപെടലാണ് കേരള ഹൈക്കോടതിയുടെ ഈ വിധി.

Leave a Reply

Your email address will not be published. Required fields are marked *