വിരമിച്ചിട്ടും തുടരുന്ന ഉന്നതരെ പടിയിറക്കി സതീശന്‍ സര്‍ക്കാര്‍; പകരം, സര്‍വീസിലുള്ളവര്‍ക്ക്‌ ചുമതല

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഉന്നതപദവികളില്‍ നിയമിച്ച, വിരമിച്ച ഐ.എ.എസ്‌-ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരെ ഒന്നൊന്നായി പടിയിറക്കി സതീശന്‍ സര്‍ക്കാര്‍. വിരമിച്ച ഉദ്യോഗസ്‌ഥര്‍ക്കു പകരം, സര്‍വീസിലുള്ളവര്‍ക്ക്‌ പ്രധാന ചുമതലകള്‍ കൈമാറിത്തുടങ്ങി.

മാപ്പുകൾ കാണുക

കിഫ്‌ബി അഡീഷണല്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായിരുന്ന മിനി ആന്റണി കഴിഞ്ഞദിവസം സ്‌ഥാനമൊഴിഞ്ഞു. റവന്യൂ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിയായിരുന്ന മുഹമ്മദ്‌ ഷഫീഖിനാണ്‌ പകരം ചുമതല. കിഫ്‌ബി സി.ഇ.ഒയായിരുന്ന കെ.എം. ഏബ്രഹാം നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ രാജിവച്ചിരുന്നു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരുന്ന മുന്‍ ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിനെയും കഴിഞ്ഞയാഴ്‌ച മാറ്റി. ധനകാര്യ സെക്രട്ടറി മിന്‍ഹാജ്‌ ആലത്തിനാണ്‌ പകരം ചുമതല.

മാപ്പുകൾ കാണുക

കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ്‌ ഡയറക്‌ടറായി തുടര്‍ന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റയേയും കാലാവധി അവസാനിച്ചതോടെ ഒഴിവാക്കി. എറണാകുളം ജില്ലാ കലക്‌ടര്‍ ജി. പ്രിയങ്കയ്‌ക്കാണ്‌ പകരം ചുമതല. ശുചിത്വ മിഷനില്‍നിന്ന്‌ യു.വി. ജോസിനെയും ഒഴിവാക്കി. ഉന്നതവിദ്യാഭ്യാസവകുപ്പ്‌ സെക്രട്ടറിയായി വിരമിച്ച ഉഷാ ടൈറ്റസിനെ അസാപ്‌ സി.എം.ഡി. സ്‌ഥാനത്തുനിന്നു മാറ്റി.

അതേസമയം, മിനി ആന്റണിയെ ഭരണപരിഷ്‌കാര കമ്മിഷന്‍ സെക്രട്ടറിയായി നിയമിക്കാനുള്ള ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌. വിരമിച്ച ഉദ്യോഗസ്‌ഥരുടെ പുനര്‍നിയമനങ്ങള്‍ നിയന്ത്രിച്ച്‌ ഭരണച്ചെലവ്‌ കുറയ്‌ക്കുന്നതിനൊപ്പം സര്‍വീസിലുള്ള ഉദ്യോഗസ്‌ഥര്‍ക്ക്‌ കൂടുതല്‍ ഉത്തരവാദിത്വം നല്‍കാനുമാണ്‌ സര്‍ക്കാര്‍ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *