ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പിന്തുണയെന്ന് സുരേഷ് ഗോപി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനിടെ പരിക്കേറ്റ മലയാളി ലോംഗ് ജമ്പ് താരം ശ്രീശങ്കർ മുരളിയുടെ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കും. അടിയന്തര ശസ്ത്രക്രിയയ്ക്കായി താരം ലണ്ടനിലേക്ക് തിരിക്കുകയാണെന്നും ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള തിരിച്ചുവരവിന് ആവശ്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ലണ്ടനിലെ പ്രശസ്തമായ ഫോർട്ടിയസ് ക്ലിനിക്കിൽ നാളെയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഓർത്തോപീഡിക് സർജൻ ഡോ. പീറ്റർ ഡിഹൂഗിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. ലിഗമെന്റ് പുനർനിർമാണം ഉൾപ്പെടെയുള്ള ചികിത്സയാണ് താരത്തിന് നൽകുക. കായിക താരങ്ങൾക്ക് ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും കായിക മന്ത്രാലയത്തിന്റെയും ഇടപെടലിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുരേഷ് ഗോപി വ്യക്തമാക്കി.

അടിയന്തര ഘട്ടത്തിൽ ആവശ്യമായ സാമ്പത്തിക സഹായവും ഇടപെടലുകളും ഉറപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു. ഇന്ത്യയുടെ അഭിമാനമായി മാറിയ ശ്രീശങ്കർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് കഴിയട്ടെയെന്നും സുരേഷ് ഗോപി ആശംസിച്ചു.

'നമ്മുടെ നാടിന്റെ അഭിമാനം ശ്രീശങ്കർ മുരളി വേഗത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെ; ഒളിമ്പിക്സ് സ്വപ്നങ്ങളിലേക്ക് പൂർണ്ണ പിന്തുണയുമായി കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഒപ്പമുണ്ട്!

​ഭാരതത്തിന്റെ അഭിമാനമായ മലയാളി ലോങ്ങ് ജംപ് താരം ശ്രീശങ്കർ മുരളി അടിയന്തര ശസ്ത്രക്രിയക്കായി ഇപ്പോൾ ലണ്ടനിലേക്ക് തിരിക്കുകയാണ്. പരിക്കുകൾ നമ്മുടെ പ്രതിഭകൾക്ക് മുന്നിൽ ഒരിക്കലും ഒരു തടസ്സമാകരുത്; പ്രത്യേകിച്ചും ഒളിമ്പിക്സ് വേദികളിൽ രാജ്യത്തിന്റെ അഭിമാനമുയർത്താൻ താരങ്ങളെ പൂർണ്ണ സജ്ജരാക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.

ശ്രീശങ്കറിന്റെ ഒളിമ്പിക്സ് തയ്യാറെടുപ്പുകൾക്ക് കരുത്തുപകരാൻ, ഏറ്റവും മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കിക്കൊണ്ട് സർജറിയുടെ പൂർണ്ണ ചെലവും ഉത്തരവാദിത്തവും കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്.

​ലണ്ടനിലെ പ്രശസ്തമായ ഫോർഷ്യസ് ക്ലിനിക്കിൽ (Fortius Clinic) ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് സർജറി നിശ്ചയിച്ചിരിക്കുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഓർത്തോപീഡിക് സർജനായ ഡോ. പീറ്റർ ഡിഹൂഗിന്റെ (Mr Pieter D'Hooghe) നേതൃത്വത്തിലാണ് ലിഗ്മെന്റ് റീകൺസ്ട്രക്ഷൻ അടക്കമുള്ള വിദഗ്ദ്ധ ശസ്ത്രക്രിയ നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും പൂർണ്ണ പരിചരണവും നൽകി, നമ്മുടെ പ്രിയ താരത്തെ ഒളിമ്പിക്സ് ട്രാക്കിലേക്ക് ഏറ്റവും മികച്ച ഫോമിൽ തിരിച്ചെത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

​കായിക താരങ്ങൾക്ക് എപ്പോഴും തുണയായി നിൽക്കുകയും അവർക്ക് ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്കും, ഈ അടിയന്തര ഘട്ടത്തിൽ ആവശ്യമായ എല്ലാവിധ ഫണ്ടിംഗും ഇടപെടലുകളും ഉറപ്പാക്കി കൂടെനിന്ന കേന്ദ്ര കായിക മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ജിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

​കായിക ലോകത്ത് ഭാരതത്തിന്റെ ത്രിവർണ്ണ പതാക വാനോളമുയർത്തിയ നമ്മുടെ സ്വന്തം ശ്രീശങ്കർ മുരളി, ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇരട്ടി കരുത്തോടെ ഒളിമ്പിക്സ് പോരാട്ടങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് നമുക്കുറപ്പുണ്ട്.

​പ്രിയ ശ്രീശങ്കറിന് വേഗത്തിലുള്ള രോഗമുക്തിയും വിജയകരമായ തിരിച്ചുവരവും നേരുന്നു. രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്!

​ജയ് ഹിന്ദ്!'

Leave a Reply

Your email address will not be published. Required fields are marked *