സ്വര്‍ണപ്പാളി വിവാദം; പി.എസ്. പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടീസ്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുന്‍ അംഗം അജികുമാറിനും പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ നവീകരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിന് വിളിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിലെത്തും. കേസില്‍ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. പുതിയ സാമ്പിളുകള്‍ ശേഖരിച്ച ശേഷം അന്തിമഘട്ട നടപടികളിലേക്ക് കടക്കാനും വൈകാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുമാണ് എസ്.ഐ.ടി.യുടെ നീക്കം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ ഭാരവാഹികള്‍ക്കെതിരെ തന്നെ അന്വേഷണം നീളുന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സമാഹരിക്കുന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാകും കേസിലെ തുടര്‍ന്നുള്ള നടപടികള്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *