ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ ) തുടര്‍ച്ചയായി മൂന്ന് ഫ്‌ലൈറ്റ്-ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെയും കപ്പലുകളില്‍ നിന്നടക്കമുള്ള മിസൈലുകളെയും പ്രതിരോധിക്കുന്ന സംവിധാനങ്ങളാണ് രാജ്യം വിജയകരമായി പരീക്ഷിച്ചത്. ഇത് രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വലിയ മുന്നേറ്റമാണ് നല്‍കിയിരിക്കുന്നത്.ഈ മാസം 10, 11 തീയതികളില്‍ നടത്തിയ മൂന്ന് തുടര്‍ച്ചയായ പരീക്ഷണങ്ങളിലൂടെ ഇന്ത്യ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളെ വരെ പ്രതിരോധിക്കാന്‍ കഴിവുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഇടം നേടി. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര ഭീഷണികളെയും ആകാശത്തുവച്ചുതന്നെ തകര്‍ക്കാന്‍ ഈ പ്രതിരോധ കവചത്തിന് സാധിക്കുമെന്നതാണ് പ്രത്യേകത.
നാവിക പ്ലാറ്റ്ഫോമില്‍ നിന്നും വിക്ഷേപിക്കാവുന്ന നാവിഗല്‍ ആന്റി-ഷിപ്പ് മിസൈലിന്റെ കന്നി പരീക്ഷണവും ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കി. സമുദ്രത്തില്‍വച്ച് ശത്രുരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് വളരെ താഴ്ന്ന് പറക്കാനും (സീ സ്‌കിമിംഗ്) കടലിലെ ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാനും ഇതിന് സാധിക്കും.
ഒഡീഷ തീരത്ത് നടത്തിയ മള്‍ട്ടി-ലെയേര്‍ഡ് പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണത്തില്‍ ഒരേസമയം അതിവേഗത്തിലുള്ള ആളില്ലാ വിമാനങ്ങളെയും മള്‍ട്ടി-കോപ്റ്റര്‍ ഡ്രോണുകളെയും കണ്ടെത്തി തകര്‍ക്കാന്‍ സാധിച്ചു. ലേസര്‍ അടിസ്ഥാനമാക്കിയുള്ള ആയുധങ്ങളും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്സില്‍ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു, ഈ പരീക്ഷണങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.