ഐച്ചി–നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ചൈനയെ ഒറ്റ ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 1982ന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസിൽ ഹോക്കി സ്വർണം നേടുന്നത്. ഇതോടെ 44 വർഷത്തെ കാത്തിരിപ്പിന് വിരാമമായി. ഈ വിജയത്തോടെ 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിനുള്ള യോഗ്യതയും ഇന്ത്യ നേടി. ലോക നാലാം റാങ്കുകാരാണ് ചൈന. എട്ടാം റാങ്കിലാണ് ഇന്ത്യ. ചൈനയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചായിരുന്നു ഇന്ത്യൻ വനിതകൾ വിജയത്തിലേക്ക് മുന്നേറിയത്.
പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ തകർപ്പൻ റിവേഴ്സ് ഹിറ്റാണ് മത്സരത്തിലെ നിർണായക ഗോൾ. രാജ്യത്തിനായി താരത്തിന്റെ 200-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ചൈനയുടെ പെനാൽറ്റി കോർണറുകൾ തടഞ്ഞ ഗോൾകീപ്പർ സവിത പുനിയയും നിർണായക പ്രകടനം നടത്തി. രണ്ടാം ക്വാർട്ടറിൽ സമനിലയ്ക്കായി ചൈന ശ്രമിച്ചെങ്കിലും സവിത മികച്ച സേവിലൂടെ ചൈനയുടെ ശ്രമം തടയുകയായിരുന്നു. സവിതയുടെ നിർണായക സേവാണ് ഇന്ത്യയുടെ ലീഡ് നിലനിർത്തുന്നതിൽ പ്രധാനമായത്.
തുടർന്നുള്ള ക്വാർട്ടറുകളിലും ചൈന സമനിലയ്ക്കായി സമ്മർദം ചെലുത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ രണ്ടാമത്തെ സ്വർണ മെഡലാണിത്. ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണനേട്ടം 16 ആയി. മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ആകെ മെഡൽ നേട്ടം 76ലെത്തി. 25 വെള്ളി, 35 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം.