ഗുവാഹത്തി: ഗുവാഹത്തിയിലെ ഖാനപാറ പ്രദേശത്തുള്ള ഒരു നിശാക്ലബ്ബിൽ യുവതിയെ നഗ്നയാക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി വൈകിയാണ് ഖാനപാറയിലെ 'ലോക്കൽസ്' കഫേ ആൻഡ് ലോഞ്ചിൽ ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ക്ലബ്ബിലെ ബൗൺസർമാരാണ് ഈ അതിക്രമത്തിന് പിന്നിലെന്നാണ് അവിടെയുണ്ടായിരുന്നവർ ആരോപിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ, വസ്ത്രങ്ങളൊന്നുമില്ലാതെ തറയിൽ കിടക്കുന്ന യുവതിയെ മറ്റ് രണ്ട് സ്ത്രീകൾ ചവിട്ടുന്നതായി കാണാം. ഇവർക്കൊപ്പം ചില പുരുഷന്മാരുമുണ്ട്. മറ്റൊരു വീഡിയോയിൽ, ഒരു കാർ വന്ന് കാഴ്ച മറയ്ക്കുന്നതിന് മുമ്പ് മറ്റൊരു സ്ത്രീ ഇവരെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും കാണാൻ സാധിക്കും.
മർദ്ദനത്തിനിരയായ യുവതിയുടെ വിലാസമോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. ക്ലബ്ബിൽ വെച്ച് യുവതിയെ തറയിലേക്ക് തള്ളിയിടുകയും വസ്ത്രങ്ങൾ ഊരിമാറ്റിയ ശേഷം ആക്രമിക്കുകയും ചെയ്തുവെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരും സ്ത്രീകളുമായ ബൗൺസർമാർ ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മർദ്ദനത്തിനു ശേഷം ക്ലബ്ബിന്റെ നാലാം നിലയിൽ നിന്ന് ഇവരെ താഴെ പാർക്കിംഗ് ഏരിയയിലേക്ക് കൊണ്ടുവരികയായിരുന്നു.
സംഘർഷത്തിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. ആക്രമണത്തിന് തൊട്ടുമുമ്പ് അവിടെ എന്താണ് സംഭവിച്ചതെന്നും അറിവായിട്ടില്ല. മാധ്യമപ്രവർത്തകർ നിശാക്ലബ്ബിൽ എത്തിയെങ്കിലും സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. ലൈറ്റുകളും ഓഫ് ചെയ്തിരുന്നു. ക്ലബ്ബ് മാനേജ്‌മെന്റിൽ നിന്ന് ആരും തന്നെ മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.