പിഎം ശ്രീ പദ്ധതിയില്‍ പ്രതിസന്ധി; ലീഗ് എതിര്‍പ്പും കേന്ദ്രത്തിന്റെ സമര്‍ദ്ദവും മുറുകുന്നു

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം ശ്രീ കേരളത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. ലീഗിന്റെ ശക്തമായ രാഷ്ട്രീയ എതിര്‍പ്പും തുടര്‍നടപടികളിലെ മെല്ലെപ്പോക്കും കാരണം പദ്ധതി ഉപേക്ഷിക്കാനോ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനോ ഉള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍.

പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ചീഫ് സെക്രട്ടറിക്ക് ഇതിനോടകം രണ്ട് തവണ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനം നേരത്തെ ധാരണാപത്രത്തില്‍‍ ഒപ്പിട്ടതാണെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പദ്ധതിയുമായി മുന്നോട്ട് പോകണം എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ തുടക്കം മുതലേ ഈ വിഷയത്തില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച മുസ്‌ലിം ലീഗും യൂത്ത് ലീഗും എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുകയാണ്.

സർക്കാർ തലത്തിൽ വിഷയം പഠിക്കാനായി ഉപസമിതിയെ നിയോഗിച്ചിരുന്നെങ്കിലും ഇതുവരെ യോഗം പോലും ചേരാന്‍‍ സാധിച്ചിട്ടില്ല. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഘടകകക്ഷികളുടെ കടുത്ത എതിര്‍പ്പും കണക്കിലെടുത്ത്, ഈ ഘട്ടത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും എന്നാണ് സൂചന. കേന്ദ്രത്തിന്റെ ശക്തമായ സമ്മര്‍ദ്ദവും മുന്നണിയിലെ രാഷ്ട്രീയ സമവാക്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാണ് നിലവില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും.

Leave a Reply

Your email address will not be published. Required fields are marked *