10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സയ്ക്ക് ഇഎസ്ഐ നിയന്ത്രണം; ദുരിതത്തിലായി രോഗികൾ

തിരുവനന്തപുരം: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സയ്ക്ക് ഇഎസ്ഐ കോർപ്പറേഷൻ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതോടെ ഹൃദ്രോഗ, കാൻസർ രോഗികൾ പ്രതിസന്ധിയിൽ. പുതിയ നിബന്ധനകൾ കാരണം മരുന്നുപോലും വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് രോഗികളുടെ പരാതി.

ഇഎസ്ഐ പരിരക്ഷയുള്ള ആശുപത്രികളിൽ ഒരു സാമ്പത്തിക വർഷം ചികിത്സയ്ക്കായി 10 ലക്ഷം രൂപയാണ് കേന്ദ്രസർക്കാർ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ പരിധി കടന്നുള്ള ചികിത്സയ്ക്ക് അധിക മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ഇഎസ്ഐ കോർപ്പറേഷൻ സെപ്റ്റംബറിൽ ഉത്തരവിറക്കി. പത്തിലധികം നിബന്ധനകൾ നിലവിൽ വന്നതോടെ ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ ദുരിതത്തിലായി.

ചികിത്സ തുടങ്ങുന്നതിനു മുമ്പുതന്നെ പുതിയ മാനദണ്ഡങ്ങൾ പാലിക്കണമെന്നതാണ് പ്രധാന വെല്ലുവിളി. ചികിത്സിക്കുന്ന ആശുപത്രിയിലെ ട്യൂമർ ബോർഡിന്റെ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ മിക്ക സ്വകാര്യ ആശുപത്രികളിലും ഇത്തരം സമിതികളില്ലാത്തതിനാൽ അനുമതിപത്രം ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്.

മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിന്റെ സർട്ടിഫിക്കറ്റും ആവശ്യമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് സർക്കാർ മെഡിക്കൽ കോളേജിൽനിന്ന് ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലും പ്രയാസമുണ്ടെന്നാണ് പരാതി. ഇഎസ്ഐ കോർപ്പറേഷന്റെ കീഴിലുള്ള ആശുപത്രികളുടെ സർട്ടിഫിക്കറ്റും നിർബന്ധമാണ്.

പുതിയ മാനദണ്ഡങ്ങൾ പിൻവലിച്ച് നേരത്തെയുണ്ടായിരുന്ന രീതിയിൽ ചികിത്സ ഉറപ്പാക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം. എന്നാൽ ചികിത്സയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് ഇഎസ്ഐ കോർപ്പറേഷന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *